| Friday, 20th July 2018, 11:56 am

ഫേസ്ബുക്കില്‍ തെറി പറയുന്നവരോട് OMKV പറയുന്നത് എന്തിന്; നിലപാട് വ്യക്തമാക്കി പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയിലെ സ്ത്രീ വിരുദ്ധത തുറന്നുപറഞ്ഞതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായ താരമാണ് നടി പാര്‍വതി. എന്നാല്‍ ഇത്തരം പ്രതികരണങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളിക്കളയാനും പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ തെറി പറയാന്‍ എത്തിയവരോട് OMKV പറഞ്ഞ പാര്‍വതിയുടെ നിലപാടും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് തനിക്ക് അത്തരത്തില്‍ പ്രതികരിക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുകയാണ് താരം.

Dont Miss അവിശ്വാസപ്രമേയം; ബി.ജെ.ഡി അംഗങ്ങള്‍ ഇറങ്ങിപ്പോയി

ആരെയെങ്കിലും ഒരാളെ മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല അത് എന്ന് അന്ന് തന്നെ പറഞ്ഞതാണെന്നും ഇപ്പോഴും അത് തന്നെ പറയുന്നെന്നും പാര്‍വതി പറയുന്നു. “”പറഞ്ഞകാര്യം മനസിലാക്കാതെ ആക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ല. അതൊരു ആള്‍ക്കൂട്ടമാണ്. അവരുടെ മനശാസ്ത്രം വേറെയാണ്. അവരോട് എങ്ങനെ സംസാരിക്കും? സംസാരിക്കാന്‍ പറ്റിയാല്‍ അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും കേള്‍ക്കാം. ഒരുപക്ഷേ ബഹുമാനത്തോടെ വിയോജിക്കാം, അല്ലെങ്കില്‍ സമ്മതിക്കാം. പക്ഷേ അവര്‍ സംസാരിക്കാനേ തയ്യാറല്ലെങ്കിലോ? അങ്ങനെയുള്ളവരില്‍ ഫോക്കസ് ചെയ്യാന്‍ ഞാനില്ല. അവരെ ബഹുമാനത്തോടെ അവഗണിക്കാനേ പറ്റൂ””- ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.

താനങ്ങനെ സമൂഹത്തിന്റെ വിപരീത ദിശയില്‍ പോകുന്ന ആളൊന്നുമല്ലെന്നും കൂടെ തന്നെ പോവാനാണ് ഇഷ്ടമെന്നും പാര്‍വതി പറയുന്നു.”” പക്ഷേ പണ്ടേ ഉള്ളതാണ് എന്നതുകൊണ്ടു മാത്രം ആളുകള്‍ തുടരുന്ന ചില കാര്യങ്ങളില്ലേ? അതില്‍ മാറ്റം വേണമെന്ന് തോന്നിയാല്‍ പറയാറുണ്ട്. ഭൂരിപക്ഷത്തിനും അറിയാം അത് ശരിയല്ലെന്ന്. എന്നിട്ടും സഹിക്കുന്നു. എന്തിന് ഒരു മാറ്റം വേണ്ട? എപ്പോഴും ഇങ്ങനെ സാ എന്നു പോയാല്‍ മതിയോ? ഒരു താളവ്യത്യാസമൊക്കെ വേണം. അങ്ങനെ തോന്നുമ്പോ പറയും. ഞാന്‍ മാത്രമല്ല പലരും പറയും. പിന്നെ, ഞാന്‍ പറയുന്നത് മാത്രമാണ് ശരി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എനിക്കെന്തുകൊണ്ട് ഒരുകാര്യം ഇഷ്ടമായില്ല എന്ന് ഞാന്‍ പറയുന്നു. മറ്റേയാള്‍ക്ക് എന്തുകൊണ്ട് ഇഷ്ടമായി എന്ന് അയാള്‍ക്കും പറയാമല്ലോ? – പാര്‍വതി ചോദിക്കുന്നു.

അമിത് ഷായുടെ തന്ത്രം പാളി; അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ശിവസേന

എന്നെങ്കിലും തീരുമോ ഈ സ്ത്രീ വിരുദ്ധത എന്ന ചോദ്യത്തിന് തീര്‍ച്ചയായും തീരും എന്നായിരുന്നു പാര്‍വതിയുടെ മറുപടി. പക്ഷേ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്ക് തീരുമെന്ന് വിചാരിക്കരുത്. എന്നാലും അതിന്റെ രൂപം മാറും. വര്‍ഷങ്ങളായിട്ട് നമ്മള്‍ നോര്‍മല്‍ എന്നു കരുതുന്ന ചില കാര്യങ്ങളില്ലേ?അതിനെ ചോദ്യം ചെയ്യുമ്പോള്‍ ആദ്യം വരുന്ന പ്രതികരണമെന്താ?എന്തിനാ ഇപ്പോ ഇതിനെ പറ്റി സംസാരിക്കുന്നത് എന്നല്ലേ? പക്ഷേ ചോദ്യങ്ങള്‍ കൂടി കൂടി വരുമ്പോഴോ? സംഭവം മാറും. ശരിയാണല്ലോ അതിനെ പറ്റി ഒന്നു ചിന്തിച്ചുകളയാം എന്ന് സമൂഹത്തിനും തോന്നും. ആ തോന്നല്‍ മലയാള സിനിമയ്ക്കും വരുന്നുണ്ട്. വളരെ പോസിറ്റീവാണത്.- പാര്‍വതി പറയുന്നു.

സമൂഹത്തിലെ സ്ത്രീ വിരുദ്ധതയാണ് സിനിമകളില്‍ കാണിക്കുന്നത് എന്നാണല്ലോ ഒരു സംവിധായകന്‍ പറഞ്ഞത് എന്ന ചോദ്യത്തിന് സമൂഹത്തിലുള്ളത് സിനിമയിലുണ്ടാകുമെന്നും അത് സ്വാഭാവികമാണെന്നും പാര്‍വതി പറയുന്നു. സമൂഹത്തിലെ സ്ത്രീ വിരുദ്ധത സിനിമയില്‍ പ്രതിഫലിപ്പിക്കാം. ഇപ്പോള്‍ ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ള സിനിമയാണെങ്കില്‍ പീഡനം കാണിച്ചിരിക്കും. പക്ഷേ ആ പീഡനം നല്ലതാണ് എന്ന രീതിയിലാണ് സിനിമയെടുക്കുന്നതെങ്കിലോ? അത് ശരിയല്ലല്ലോ? പ്രതിഫലിക്കുന്നതും മഹത്വവത്ക്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്- പാര്‍വതി വിശദീകരിക്കുന്നു.

We use cookies to give you the best possible experience. Learn more