| Wednesday, 29th April 2020, 7:06 pm

ആ ചിരിയോടെയായിരിക്കും ഞാന്‍ നിങ്ങളെ എന്നും ഓര്‍മ്മിക്കുക: ഇര്‍ഫാന്‍ ഖാനെ ഓര്‍മ്മിച്ച് പാര്‍വതിയും ദുല്‍ഖറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മലയാളി താരങ്ങളായ പാര്‍വതിയും ദുല്‍ഖറും സല്‍മാനും. ഇരുവരുടെയും ബോളിവുഡിലെ ആദ്യ ചിത്രങ്ങള്‍ ഇര്‍ഫാന്‍ ഖാനൊപ്പമായിരുന്നു.

ഒന്നുമില്ലാത്തിടത്ത് നിന്ന് തന്റെ സര്‍ഗാത്മകതക്കൊണ്ട് മറ്റൊരു ലോകം കെട്ടിപ്പടുത്തയാളെന്നാണ് പാര്‍വതി ഇര്‍ഫാനെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. സഹപ്രവര്‍ത്തകരെ തന്നോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ഉദാരചിത്തനായിരുന്നു ഇര്‍ഫാനെന്നും കുറിപ്പില്‍ പറയുന്നു.

പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ഖരീബ് ഖരീബ് സിംഗിളില്‍ ഇര്‍ഫാനായിരുന്നു നായകന്‍.

കാര്‍വാനിന്റെ ചിത്രീകരണവേളയിലെ ഇര്‍ഫാനുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ കുറിപ്പ്. ‘ഒരു ഇന്റര്‍നാഷ്ണല്‍ താരമായിരുന്നിട്ട് കൂടി കാര്‍വാനിലെ ഞങ്ങളെയെല്ലാവരെയും, കണ്ടുമുട്ടിയ എല്ലാവരെയും തുല്യരായി കണ്ടു. ഒരു വിദ്യാര്‍ത്ഥിയെപ്പോലെയും ആരാധകനെ പോലെയുമായിരുന്നു ഞാന്‍ നിങ്ങളെ വീക്ഷിച്ചു.’ ദുല്‍ഖറിന്റെ കുറിപ്പില്‍ പറയുന്നു.

ഈ ലോകം എപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുകയാണെന്ന് പോലെ നിങ്ങള്‍ പുഞ്ചിരിച്ചു. ആ ചിരിയോടെയായിരിക്കും ഞാന്‍ നിങ്ങളെ എപ്പോഴും ഓര്‍ത്തുവെക്കുക എന്നു ദുല്‍ഖര്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ഇര്‍ഫാനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം സ്ഥിരീകരിച്ചത്.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തിരികെയെത്തിയ അദ്ദേഹം അഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിനിടയില്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു.

ഇന്ത്യന്‍ സിനിമയുടെ വേറിട്ട മുഖമായിരുന്ന ഇര്‍ഫാന്‍ ഖാന്‍ ഹോളിവുഡിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more