| Saturday, 30th June 2018, 3:42 pm

A.M.M.A അംഗം വംശീയമായി അധിക്ഷേപിച്ചെന്ന പരാതി ഒതുക്കിത്തീര്‍ത്തു; പരാതി പരിഹാര രീതിയിലെ പൊള്ളത്തരം തുറന്നുകാട്ടി പത്മപ്രിയയും പാര്‍വ്വതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

എ.എം.എം.എയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ഡബ്ല്യു.സി.സി. പ്രവര്‍ത്തകരായ പാര്‍വ്വതി തിരുവോത്തും പത്മപ്രിയയും. “അമ്മ അറിയാന്‍ എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലെഴുതിയ ലേഖനത്തിലാണ് ഇവരുടെ ആരോപണം.

എ.എം.എം.എയിലെ തെരഞ്ഞെടുപ്പു പ്രക്രിയയേയും എ.എം.എം.എയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലുള്ള പരാതി പരിഹാര സംവിധാനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ലേഖനം. രണ്ട് ഉദാഹരണങ്ങള്‍ നിരത്തിയാണ് പരാതി പരിഹാര സംവിധാനത്തിന്റെ പോരായ്മകള്‍ ഇവര്‍ തുറന്നുകാട്ടുന്നത്.


Also Read:നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചു; എ.എം.എം.എ യ്‌ക്കെതിരെ ഗുരുതരാരോപണവുമായി നടി പാര്‍വ്വതി


ഒരു പൊതുയോഗത്തില്‍ എ.എം.എം.എയിലെ ഒരംഗം മറ്റൊരു അംഗത്തെ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതി ഉയര്‍ന്നപ്പോള്‍ സംഘടന അത് ഒതുക്കി തീര്‍ക്കുകയാണ് ചെയ്തതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. “ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ ഒരംഗം മറ്റൊരംഗത്തെ വംശീയമായി അധിക്ഷേപിച്ചുവെന്ന് പരാതിപ്പെട്ടു. ഇതിന് പരിഹാരം കണ്ടെത്താന്‍ യോഗത്തിന് സാധിച്ചില്ല, പക്ഷേ മറ്റൊരവസരത്തില്‍ കമ്മിറ്റി ഇടപെട്ട് ഇത് ഒതുക്കിത്തീര്‍ക്കുകയായിരുന്നു.” എന്നാണ് ലേഖനത്തില്‍ പറയുന്നത്.


Also Read:ബെള്ളൂരില്‍ ദളിതരുടെ വഴിയടച്ച സംഭവം; റോഡ് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എമ്മിന്റെ പ്രക്ഷോഭം


പാര്‍വ്വതി ഉയര്‍ത്തിയ പരാതിയാണ് മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സിനിമാ ലോക്കേഷനുകളില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് ശുചിമുറികള്‍ വേണം എന്ന ആവശ്യം പാര്‍വ്വതി ഉന്നയിച്ചപ്പോള്‍ “ഇതിന് അമ്മ അംഗങ്ങളുടെ ഭൂരിപക്ഷ വോട്ട് വേണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. അവിടെയുള്ള 100-150 അംഗങ്ങളോട് നേരിട്ട് പോയി ചോദിച്ചു ഒപ്പ് ശേഖരിക്കുക എന്നതേ മാര്‍ഗമുള്ളൂ. ഇത് പാര്‍വ്വതി ഒറ്റയ്ക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് ഉയര്‍ന്നുവന്നത്. അവര്‍ ഓരോരുത്തരോടായി നടന്നു ചോദിക്കുകയായിരുന്നു.” ലേഖനത്തില്‍ പറയുന്നു.

ഭൂരിപക്ഷം ഈ ആവശ്യം അംഗീകരിച്ചിട്ടും അമ്മ നേതൃത്വം ഈ തീരുമാനത്തെ വേണ്ട രീതിയില്‍ നടപ്പിലാക്കാനുള്ള ശുഷ്‌കാന്തി കാണിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പല രീതിയിലാണ് പരിഹരിക്കപ്പെട്ടു കണ്ടിട്ടുള്ളതെന്നു പറയുന്ന ഇവര്‍ ഇത്രയും വലിയ ഒരു സംഘടനയ്ക്ക് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ഒരു നിശ്ചിത നിയമാവലി ഉണ്ടാകേണ്ടതല്ലേയെന്നും ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more