| Tuesday, 6th June 2017, 7:15 pm

'ജാതിപ്പേര് മലയാളികള്‍ക്ക് പ്രസ്റ്റീജ് ഇഷ്യൂ, എല്ലാ ജാതിക്കാര്‍ക്കും ഒരേ ബഹുമാനം'; ചാനല്‍ പരിപാടിയില്‍ ജാതിചിന്തയെ ന്യായീകരിക്കാന്‍ മനുസ്മൃതിയെ കൂട്ടുപിടിച്ച് പാര്‍വ്വതി; വായടപ്പിക്കുന്ന മറുചോദ്യവുമായി സദസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പേരിന്റെ വാലായ ജാതിപ്പേര് വെറുമൊരു വാലല്ല. കാലങ്ങളായി മനസിന്റെ അടിത്തട്ടില്‍ വേരുറച്ചു പോയ ജാതി ചിന്ത കൂടിയാണ്. അതുകൊണ്ടാണ് വാക്കുകളില്‍ പുരോഗമനം നിറയുമ്പോളും പേരിലെ വാല് അങ്ങനെ തന്നെ നിലനില്‍ക്കുന്നത്. ഇപ്പോഴും ജാതിപ്പേരു കൊണ്ടുനടക്കുന്നതെന്തിന് എന്ന അപ്രതീക്ഷിതമായ ചോദ്യം ഒരു തമിഴ് ചാനല്‍ ചര്‍ച്ചയില്‍ നടി പാര്‍വതി നായര്‍ക്കു നേര്‍ക്ക് ഉയര്‍ന്നപ്പോള്‍ താരം നല്‍കിയ മറുപടിയെ പൊളിച്ചടക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

പുരോഗമനപരമെന്ന് എപ്പോഴും മേനിനടിക്കുന്ന കേരളം പോലൊരു സ്ഥലത്ത് ആളുകള്‍ എന്തിനാണ് ഇപ്പോഴും പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നതെന്തിന് എന്നായിരുന്നു പാര്‍വതി നായരോടുള്ള ചോദ്യം. സ്റ്റാര്‍ വിജയ് ചാനലിലെ “നീയാ നാനാ?” എന്ന പരിപാടിയിലായിരുന്നു ഈ ചോദ്യം. നടിയുടെ മറുപടി തുടര്‍ന്ന് ഗൗരവതരമായ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്.


Also Read: രണ്ടു മീറ്റര്‍ വ്യത്യാസത്തില്‍ ഒരു ആലും പിന്നെ ആര്യവേപ്പും; ഇവരെന്താ ബോണ്‍സായ് തൈകളാണോ നടുന്നത്; മോഹല്‍ലാലിന്റേയും ലാല്‍ ജോസിന്റേയും മരം നടീലിന് പരിഹാസം


നായര്‍ എന്നത് തന്റെ ജാതിപ്പേരാണെന്ന് പാര്‍വതി വിശദീകരിച്ചു. ശങ്കരന്‍ നായര്‍ എന്നായിരുന്നു മുത്തച്ഛന്റെ പേര്. അച്ഛന്‍ പേരിനൊപ്പമുള്ള “നായര്‍” ഒഴിവാക്കി. വേണുഗോപാല്‍ എന്ന് മാത്രമാണ് അദ്ദേഹം പേരായി ഉപയോഗിച്ചത്. അച്ഛനും അമ്മയും പുരോഗമന ചിന്തയുള്ളവരായിരുന്നു. ജാതിപ്പേര് വേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. പക്ഷേ തന്റെ പേര് വന്നപ്പോള്‍ പാര്‍വ്വതി വേണുഗോപാല്‍ നായര്‍ എന്നായി. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് ജാതിപ്പേര് ഒരു പ്രസ്റ്റീജ് ഇഷ്യു ആണ്. എന്റെ ജാതി ഇതാണ് എന്നുപറയുന്നതില്‍ അവര്‍ക്ക് വലിയ താല്‍പര്യമാണ്. നായര്‍, നമ്പൂതിരി, നമ്പീശന്‍ തുടങ്ങി ഉയര്‍ന്ന ജാതിക്കാര്‍ മാത്രമാണ് പേരിനൊപ്പം ജാതി ഉപയോഗിക്കുന്നതെന്നുമായിരുന്നു പാര്‍വ്വതിയുടെ മറുപടി.

തമിഴ്നാട്ടില്‍ വിദ്യാഭ്യാസം നേടിയവരാണ് പേരിനൊപ്പം ജാതിപ്പേര് ഒഴിവാക്കിയത്, പക്ഷേ പുരോഗമനപരമെന്ന് പറയുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് അത് സംഭവിക്കാത്തതെന്നായിരുന്നു പാര്‍വതിയോടുള്ള അടുത്ത ചോദ്യം. കേരളം അത്ര പുരോഗമനപരമല്ലെന്നും കേരളം വളരെ യാഥാസ്ഥിതികരുടെ നാടാണെന്നുമായി നടിയുടെ മറുപടി.

“”ജാതി ആളുകളെ വേര്‍തിരിക്കാന്‍വേണ്ടി ആരംഭിച്ചതല്ല. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിഭാഗത്തെ ഓരോ ജാതിയായി പേരിട്ടുവിളിച്ചത്. ഉദാഹരണത്തിന് അദ്ധ്യാപനം, ഭരണനിര്‍വ്വഹണം, കൃഷി തുടങ്ങിയ തൊഴിലുകള്‍. അതുപ്രകാരം എല്ലാ ജാതിക്കും ഒരേ ബഹുമാനം ലഭിക്കുന്നുണ്ട്..””മനുസ്മൃതിയെ കൂട്ടുപിടിച്ചാണ് ജാതി വളരെ നിരുപദ്രവകരമായ ഒരാശയമാണെന്നും നടി പറഞ്ഞു.

എന്നാല്‍ ഇത് സദസിനെ പ്രകോപിച്ചു. തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് ഈ ബഹുമാനം ലഭിക്കുന്നുണ്ടോ എന്നായിരുന്നു വേദിയില്‍ നിന്നുയര്‍ന്ന ചോദ്യം. “”അദ്ധ്യാപനം, വ്യവസായം ഇതിലൊക്കെ ഏര്‍പ്പെടുന്നവര്‍ക്ക് ഈ വ്യവസ്ഥ ബുദ്ധിമുട്ടുണ്ടാക്കില്ല. പക്ഷേ കക്കൂസ് കഴുകുന്ന ഒരു ജാതിയുണ്ട്. അവരെപ്പറ്റി എന്താണ് അഭിപ്രായം? തലമുറകളുടെ തുടര്‍ച്ചയില്‍ അവര്‍ അതേ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയുന്നത് ശരിയാണോ? അവിടെയാണ് പ്രശ്‌നം..”” എന്നായിരുന്നു പരിപാടിയിലെ മറ്റൊരു ഗസ്റ്റിന്റെ പ്രതികരണം.


Don”t Miss: ‘ഭീകരവാദികള്‍ ഇസ്‌ലാമിലെ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹരല്ല’; ലണ്ടനില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് അന്ത്യകര്‍മ്മം നടത്തില്ലെന്ന് മുസ്‌ലിം പുരോഹിതര്‍


പക്ഷെ നീണ്ട ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും പാര്‍വ്വതിയുടെ ചിന്തയില്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല. ശേഷവും “നായര്‍” എന്നത് വെറുമൊരു പേരാണെന്നും നേരത്തേ “അവിടെത്തന്നെയുള്ളതാണെ”ന്നുമായിരുന്നു പാര്‍വ്വതി നായരുടെ മറുപടി.

അത് കേവലമൊരു പേരല്ലെന്നും നിങ്ങളെപ്പോലൊരാള്‍ ഇങ്ങനെ പറയുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും സദസ് പ്രതികരിച്ചു. “”തമിഴ്നാട്ടില്‍ നായ്ക്കരും ഗൗണ്ടറുമൊക്കെയുണ്ട്. പക്ഷേ ഉയര്‍ന്ന ജാതി ഒരു മേന്മയായി തോന്നുന്നില്ല. യഥാര്‍ഥ വേര്‍തിരിവ് പണമുള്ളവനും ഇല്ലാത്തവനും തമ്മിലാണ്. പണമുള്ളവന്റെ ജാതിയെക്കുറിച്ച് സമൂഹം ശ്രദ്ധയൊന്നും ചെലുത്തില്ല,” തമിഴ്നാട്ടിലും ജാതീയതയുണ്ടെന്നും പക്ഷേ സവര്‍ണത്വം ഒരു മേന്മയായി തോന്നുന്നില്ലെന്നും പറഞ്ഞാണ് ടോക്ക് ഷോ അവസാനിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more