മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ചലചിത്ര മേഖലയില്‍ നിന്നും പാര്‍വതി തിരുവോത്ത്, ഫര്‍ഹാന്‍ അക്തര്‍, ഹൃത്വിക് റോഷന്‍, പ്രിയങ്ക ചോപ്ര, സ്വാറാ ബാസ്‌ക്കര്‍, സുശാന്ത് സിംഗ് എന്നിവര്‍ തങ്ങളുടെ നിലപാട് അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
മുംബൈയിലെ ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിലും ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പേരാണ് പങ്കെടുത്തത്. സുശാന്ത് സിംഗ്, റിച്ച ചദ, അദിതി റാവു, സ്വാറാ ബാസ്‌ക്കര്‍ എന്നിവര്‍ മുംബൈയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍വതി നേരത്തേയും രംഗത്ത് എത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി വന്ന പ്രതികരണം നടി പാര്‍വതി തിരുവോത്തിന്റേതാ യിരുന്നു. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.
പൗരത്വ ഭേദഗതിനിയമത്തിനെതിരായി പ്രതിഷേധം രേഖപ്പെടുത്തി ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപും രംഗത്ത് വന്നിരുന്നു. ‘അധികാരത്തില്‍ പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന, ഭയപ്പെടുത്തുന്ന, അഹംഭാവമുള്ള, വിദ്യാഭ്യാസമില്ലാത്ത, സര്‍ക്കാരിനെയാണ് ഇത് കാണിക്കുന്നത്.” അദ്ദേഹം എന്‍.ഡി.ടിവിയോട് പറഞ്ഞു.
രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധിച്ചതും മെട്രോ നിര്‍ത്തിവെച്ചതും പേടിച്ചരണ്ട സര്‍ക്കാരായതുകൊണ്ടാണെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന ഏക അജണ്ടയാണ് സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.