ബോളിവുഡില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സിനിമകള്‍ ഉണ്ടാകുന്നുണ്ടെന്നും ആ രീതിയില്‍ മലയാള സിനിമ ഉയര്‍ന്ന് ചിന്തിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പാര്‍വതി തിരുവോത്ത്.
അങ്ങനെ തനിക്ക് തോന്നിയിട്ടില്ലെന്നും പുരുഷകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെപ്പോലും കരുത്തുറ്റ രീതിയിലാണ് മലയാളത്തിലെ തിരക്കഥാകൃത്തുകള്‍ എഴുതിയിട്ടുള്ളതെന്നും പാര്‍വതി പറയുന്നു.
കെ.ജി. ജോര്‍ജിന്റെ ‘ആദാമിന്റെ വാരിയെല്ല് എന്ന സിനിമയുടെ തനിമ എത്ര കഴുകിക്കളഞ്ഞാലും പോകില്ലെന്നും അതിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്‌ക്രീനിനിപ്പുറത്തേക്ക് ഓടിക്കൂടുന്ന രംഗത്തിനേക്കാള്‍ ശക്തമായൊരു ഇമേജറി തന്റെ മനസിലില്ലെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നോക്കൂ. പല സ്ത്രീപക്ഷ ബോളിവുഡ് സിനിമകളെക്കാളൊക്കെ മുകളിലാണത് – പാര്‍വതി തിരുവോത്ത്
‘നേരേ മറിച്ചാണ് തോന്നുന്നത്. പുരുഷകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെപ്പോലും എത്ര കരുത്തുറ്റ രീതിയിലാണ് നമ്മുടെ തിരക്കഥാകൃത്തുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യകാല സിനിമകളില്‍പോലും നമ്മുടെ അഭിനേത്രികള്‍ എത്ര ആഴത്തിലും കരുത്തിലുമാണ് അത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്! ശോഭനച്ചേച്ചിയും ഉര്‍വശിച്ചേച്ചിയും സുകുമാരിയമ്മയുമെല്ലാം മികവുറ്റ ഒട്ടേറെ കഥാപാത്രങ്ങല്‍ക്ക് ജീവന്‍ നല്‍കി.
കെ.ജി. ജോര്‍ജിന്റെ ‘ആദാമിന്റെ വാരിയെല്ലാ’ണ് പെട്ടെന്ന് മനസിലേക്ക് വരുന്നത്. അതിന്റെ തനിമ എത്ര കഴുകിക്കളഞ്ഞാലും പോവില്ല
കെ.ജി. ജോര്‍ജിന്റെ ‘ആദാമിന്റെ വാരിയെല്ലാ’ണ് പെട്ടെന്ന് മനസിലേക്ക് വരുന്നത്. അതിന്റെ തനിമ എത്ര കഴുകിക്കളഞ്ഞാലും പോവില്ല. അതിലെ സ്ത്രീകഥാപാത്രങ്ങള്‍ സ്‌ക്രീനിനിപ്പുറത്തേക്ക് ഓടിക്കൂടുന്ന രംഗം, ചുമര്‍ തകര്‍ത്ത് ഓടിപ്പോവുക എന്നൊരു സംഭവമുണ്ട് അതില്‍. അതിനെക്കാള്‍ ശക്തമായൊരു ഇമേജറി എന്റെ മനസിലില്ല.
അതേപോലെയാണ് ‘ആള്‍ക്കൂട്ടത്തില്‍ തനിയേ’യിലെ സീമച്ചേച്ചിയുടെ കഥാപാത്രം. ആ കാലഘട്ടത്തിലെ ഐഡിയോളജിയാണ് പ്രതിനിധാനം ചെയ്യുന്നതെങ്കിലും എത്ര സൂക്ഷ്മമായാണ്, എത്ര ആഴത്തിലാണ് ഓരോ വികാരവും ആ കഥാപാത്രത്തില്‍ എഴുതിവെച്ചിരിക്കുന്നത്. അത്തരം പരിശ്രമങ്ങള്‍, സിനിമകള്‍ മറ്റൊരു ഭാഷയിലും കാണില്ല.
സ്ത്രീ പക്ഷസിനിമയാണെന്ന് കാണിക്കുന്നതിനുവേണ്ടി ചെയ്ത സിനിമകളല്ല അതൊന്നും. സ്ത്രീശാക്തീകരണം കാണിക്കുന്നതിനുവേണ്ടി രണ്ട് സിനിമ പെട്ടെന്നെടുക്കുക, എന്നിട്ട് പരമാവധി പി.ആര്‍. ചെയ്യുക. അതുകൊണ്ടാന്നും കാര്യമില്ല. സ്വാഭാവികമായി അത്തരം സിനിമകള്‍ വരണം. അതിന് തുടര്‍ച്ച വേണം. മലയാളത്തിലാണ് അത് ഏറ്റവും കൂടുതലുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നോക്കൂ. പല സ്ത്രീപക്ഷ ബോളിവുഡ് സിനിമകളെക്കാളൊക്കെ മുകളിലാണത്. വ്യത്യസ്ത ഭാഷകളിലെ സിനിമാ ഇന്‍ഡസ്ട്രികളിലെ ചലനങ്ങളെ താരതമ്യം ചെയ്യരുത്. കാരണം ഓരോന്നിന്റെയും ചരിത്രം ഭിന്നമാണ്. കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ ചരിത്രംതന്നെ ഭിന്നമാണ്. സിനിമയിലും സാഹിത്യത്തിലുമെല്ലാം അതാണ് പ്രതിഫലിക്കുക.
നമ്മുടെ സിനിമകളും സാഹിത്യവുമെല്ലാം കൂടുതല്‍ പൊളിറ്റിക്കലാണ്, ആഴത്തിലുള്ളതാണ്. ഉള്ളിലേക്ക് നോക്കുന്ന രീതിയിലുള്ള സാഹിത്യമാണ് നമ്മുടേത്. ആത്മവിമര്‍ശനത്തിന്റെ അംശങ്ങള്‍ അതിലുണ്ട്. അതൊക്കെ സിനിമയിലും പ്രതിഫലിക്കുന്നു,’ പാര്‍വതി തിരുവോത്ത് പറയുന്നു.
Content highlight: Parvathi Thiruvothu talks about female centric films in malayalam