Entertainment
ഞാനും ഒരു അതിജീവിത; സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പറയുമ്പോൾ അത് വിട് എന്ന മറുപടിയാണ് 'അമ്മ'യിൽ നിന്ന് ലഭിച്ചിരുന്നത്: പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 28, 09:54 am
Saturday, 28th December 2024, 3:24 pm

താനും ഒരു അതിജീവിതയാണെന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റിയില്‍ താന്‍ അക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു.

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓരോ തവണ അമ്മയില്‍ പറയുമ്പോഴും അത് വിട് എന്ന മറുപടിയാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം സിനിമയിലെ പുരുഷ വിഗ്രഹങ്ങള്‍ ഉടഞ്ഞപ്പോള്‍ തനിക്കും വേദന തോന്നിയിരുന്നു എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

നീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ ഏഴ് വര്‍ഷത്തോളം എടുത്തുവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂ.സി.സി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നിയെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. മാനന്തവാടിയില്‍ നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘അതിജീവിതയുടെ ഒരേ ഒരു തീരുമാനത്തിന് ശേഷമാണ് എല്ലാവരുടെയും ജീവിതം മാറിയത്. അതിന് ശേഷമാണ് ആ ഒരു ചരിത്രമെഴുതാന്‍ തുടങ്ങിയതെന്ന് തോന്നുന്നു. ഞാനും ഒരു അതിജീവിതയാണ്. ആ കാര്യം ഹേമ കമ്മിറ്റിയില്‍ പോയി തുറന്ന് പറഞ്ഞിട്ടുമുണ്ട്.

സ്ത്രീകള്‍ നേരിടുന്ന മറുപടികള്‍ ഓരോ തവണ അമ്മയില്‍ പറയുമ്പോഴും അത് വിട്ടേക്ക് എന്നായിരുന്നു തനിക്ക് ലഭിച്ച മറുപടി. ‘അത് വിട് പാര്‍വതി, നമ്മളൊരു കുടുംബമല്ലേ.

നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം’ എന്ന മറുപടിയാണ് കിട്ടിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം സിനിമയിലെ പുരുഷ വിഗ്രഹങ്ങള്‍ ഉടഞ്ഞപ്പോള്‍ എനിക്കും വേദന തോന്നിയിരുന്നു.

വേദന കലര്‍ന്ന സന്തോഷമാണ് ആ സമയത്തുണ്ടായത്. നീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ ഏഴ് വര്‍ഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂ.സി.സി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.

Content Highlight: Parvathi Thiruvothu says that she is also a survivor