സൂപ്പര്‍ സ്റ്റാറുകളുടെ നയികയാകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നല്ല കഥയുണ്ടെങ്കില്‍ തയ്യാറാണെന്നും നടി പാര്‍വതി തിരുവോത്ത്. ചെയ്യുന്ന സിനിമയില്‍ പുതുമുഖമാണോ സൂപ്പര്‍സ്റ്ററാണോ എന്നുള്ളതൊന്നും തന്നെ ബാധിക്കാറില്ലെന്നും പാര്‍വതി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാന്‍ ഒരിക്കലും അതിനെ നോ പറഞ്ഞിട്ടില്ല. എനിക്കൊരു ഉഗ്രന്‍ കഥാപാത്രം എഴുതിത്തരൂ. ഒരു നല്ല സിനിമയുടെ നല്ല സ്‌ക്രിപ്റ്റ് എഴുതൂ, അതിനു നിങ്ങള്‍ ആരെ കാസ്റ്റ് ചെയ്താലും ഐ ഡോണ്ട് കെയര്‍. അതൊരു പുതുമുഖം ആയാലും സൂപ്പര്‍ സ്റ്റാര്‍ ആയാലും അത് എന്നെ ബാധിക്കുന്നതല്ല. ആരെ എടുക്കണം എന്നുള്ളത് സംവിധായകനെ ബാധിക്കുന്ന കാര്യമാണ്. അല്ലാതെ പെയര്‍ ചെയ്തു കളിക്കാനുള്ള ജോലിയല്ല സിനിമ എന്നുള്ളതെന്ന് ആള്‍ക്കാര്‍ മനസ്സിലാക്കിയാല്‍ നന്നായിരുന്നു’-പാര്‍വതി പറഞ്ഞു.
സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും നല്‍കില്ലെന്നും അത് വെറും സമയം കളയലാണെന്നും അതുകൊണ്ട് ആര്‍ക്കും ഒരു ഉപകാരവും ഉണ്ടായതായി അറിവില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
‘സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളികളൊന്നും ആവശ്യമില്ല. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇത് പറഞ്ഞപ്പോള്‍ എന്റെ റിയാക്ഷന്‍ അയ്യേ എന്നായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും നല്‍കില്ല. അത് സമയം കളയലാണ്. എനിക്കറിയില്ല സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന്. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് എന്തെങ്കിലും ഗുണം ഉണ്ടായിരിക്കുന്നതെന്നും അറിയില്ല’- പാര്‍വതി പറയുന്നു.
‘സ്റ്റാര്‍ഡം ഉദ്ദേശിക്കുന്നത് സ്വാധീനിക്കലാണോ, ഇമേജാണോ, താരാരാധന മൂത്ത് ഭ്രാന്താവുന്ന ആള്‍ക്കാര്‍ ഇടുന്നതാണോ, എനിക്കറിയില. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിക്കുകയാണെങ്കില്‍ എനിക്കത് സന്തോഷമാണ്. കാരണം എനിക്ക് സ്റ്റാര്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. ഫഹദ്, ആസിഫ് അലി, റിമ കല്ലിങ്ങല്‍ എന്നിവരാണ് എന്റെ സൂപ്പര്‍ ആക്ടര്‍മാര്‍’- പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ബിരുദം ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ നിന്നും സാമാന്യ ബോധത്തിലേക്കുള്ള അകലം മലയാളികളെ ബാധിച്ച വൈറസാണെന്നും പാര്‍വതി പറഞ്ഞു.
സിനിമയെ അടക്കി വാഴുന്ന താരങ്ങള്‍ വൈറസ് ആണെങ്കില്‍ അതിനുള്ള ആന്റി വൈറസ്, കഥാപാത്രങ്ങളും നല്ല കഥയുമുള്ള തിരക്കഥ തെരഞ്ഞെടുത്ത് ആ സിനിമകളെ ഹിറ്റാക്കുകയാണ് വേണ്ടതെന്നും പാര്‍വതി വ്യക്തമാക്കി.
‘സിനിമയെ അടക്കി വാഴുന്ന സംഘടനകള്‍ ഒരു വൈറസാണെങ്കില്‍ അതിനുള്ള ആന്റി വൈറസ് ഏറ്റവും സജ്ജമായി അതില്‍ തന്നെ നിലനിന്നുകൊണ്ട് മാറ്റത്തിന് ശ്രമിച്ചു കൊണ്ടിരിക്കുക. ഞാന്‍ ഇപ്പോഴും അമ്മ അംഗമാണ്. ഞാന്‍ രാജിവെക്കുന്നില്ല. എന്തെങ്കിലും അതിനുള്ളില്‍ സംഭവിച്ചാല്‍ നമ്മുക്ക് പുറത്തു ആളുകളോട് പറയണ്ടേ’- പാര്‍വതി കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകളെ കുറിച്ചും ആ സിനിമകളെ കുറിച്ചും കസബയെ ചര്‍ച്ചചെയ്ത പോലെ ഓപ്പണ്‍ ഫോറത്തിലിരുന്ന് ചര്‍ച്ച ചെയ്യണമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.