സിനിമാലോകം മുഴുവന്‍ കഴിഞ്ഞദിവസം ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ധനുഷും നയന്‍താരയും തമ്മിലുള്ള ഡോക്യുമെന്ററി വിവാദം. നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിക്ക് ധനുഷ് എന്‍.ഒ.സി നല്‍കാത്തതും അതേത്തുടര്‍ന്ന് നയന്‍താര സോഷ്യല്‍ മീഡിയയില്‍ ധനുഷിനെതിരെ പോസ്റ്റ് ചെയ്ത കത്തും വലിയ ചര്‍ച്ചയായിരുന്നു. ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനാണ് നയന്‍താര എന്‍.ഒ.സി ആവശ്യപ്പെട്ടത്.
നയന്‍താരയുടെ പോസ്റ്റിന് പിന്നാലെ പല നടിമാരും സപ്പോര്‍ട്ടുമായി രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത് നയന്‍താരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ഇട്ടിരുന്നു. നയന്‍താരയെ സപ്പോര്‍ട്ട് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി. സ്വന്തമായി ഒരു കരിയര്‍ ഉണ്ടാക്കിക്കൊണ്ടുവന്ന ഒരു സ്ത്രീയ്ക്ക് അങ്ങനെയൊരു പോസ്റ്റ് ഇടേണ്ടിവന്നതുകൊണ്ടാണ് താന്‍ നയന്‍താരയെ അനുകൂലിച്ചതെന്ന് പാര്‍വതി പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖം നല്‍കാത്ത, സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റുകള്‍ ഇടാത്ത നയന്‍താരയെപ്പോലൊരു വ്യക്തിക്ക് മൂന്ന് പേജുള്ള കത്ത് പോസ്റ്റ് ചെയ്യേണ്ടിവന്നത് വല്ലാത്ത അവസ്ഥയാണെന്ന് തോന്നിയെന്നും തനിക്ക് പുറമെ മറ്റ് പലര്‍ക്കും അങ്ങനെ തോന്നിയതുകൊണ്ടാണ് അവരും സപ്പോര്‍ട്ട് ചെയ്തതെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.
അങ്ങനെ എതിര്‍ത്തുനിന്നതില്‍ അസ്വസ്ഥരായതുകൊണ്ടാണ് നയന്‍താരക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയതെന്നും താനും അതേ അവസ്ഥയിലൂടെ കടന്നുപോയതുകൊണ്ട് ഒരാളുടെ സപ്പോര്‍ട്ടിന്റെ വില നന്നായി അറിയാമെന്നും പാര്‍വതി പറഞ്ഞു. പരമാവധി ഒറ്റപ്പെടുത്തുക എന്നതാണ് ഇത്തരം സൈബര്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു പാര്‍വതി.
‘നയന്‍താരയെപ്പോലെ സ്വന്തം കരിയര്‍ ഒറ്റക്ക് കെട്ടിപ്പടുത്ത, ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ ഒരു വ്യക്തിക്ക് അങ്ങനെയൊരു പോസ്റ്റ് ഇടേണ്ടിവന്ന അവസ്ഥ നോക്കൂ. നയന്‍താരയെപ്പറ്റി നമുക്ക് അറിയാം. അവര്‍ അങ്ങനെ ഇന്റര്‍വ്യൂകള്‍ ഒന്നും കൊടുക്കാറില്ല, സോഷ്യല്‍ മീഡിയയില്‍ അധികം പോസ്റ്റുകള്‍ ഇടാറില്ല. അങ്ങനെയുള്ള ഒരാള്‍ വലിയൊരു നടനുനേരെ മൂന്ന് പേജുള്ള ഓപ്പണ്‍ ലെറ്റര്‍ പോസ്റ്റ് ചെയ്തപ്പോള്‍ എനിക്ക് അവരുടെ കൂടെ നില്‍ക്കാന്‍ തോന്നിയതുകൊണ്ടാണ് സപ്പോര്‍ട്ട് ചെയ്തത്.
ഞാന്‍ ചെയ്തത് കണ്ടിട്ടാണ് ബാക്കിയുള്ളവര്‍ വന്നതെന്ന് ഒരിക്കലും ഞാന്‍ ചിന്തിക്കില്ല. അങ്ങനെ എതിര്‍ത്തുനില്‍ക്കുമ്പോള്‍ പരമാവധി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് സൈബര്‍ അറ്റാക്ക് നടത്തുന്നത്. ആ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് അത്തരമൊരു അവസ്ഥയില്‍ ഒരു സപ്പോര്‍ട്ടിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം,’ പാര്‍വതി തിരുവോത്ത് പറയുന്നു.
Content Highlight: Parvathi Thiruvoth explains why she support Nayanthara on documentary issue