Entertainment
ആ സിനിമക്കായി ലിജോ അനുഭവിച്ച സ്ട്രഗിൾ ഞാൻ നേരിൽ കണ്ടതാണ്: പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 04:59 pm
Friday, 14th February 2025, 10:29 pm

മലയാള സിനിമക്ക് വേറിട്ടൊരു രൂപം നല്‍കാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്താരാഷ്ട്ര തലത്തില്‍ വരെ ലിജോയുടെ സിനിമകള്‍ ചര്‍ച്ചയായിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമകള്‍ നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയിട്ടുമുണ്ട്. കുറഞ്ഞ സിനിമകളിലൂടെത്തന്നെ എൽ.ജെ.പി സിനിമ എന്ന ബ്രാന്‍ഡ് ആയി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ടു മടുത്ത ശൈലിയില്‍ നിന്നും മാറിയുള്ള ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാറുള്ളത്.

 

ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ച് സംസാരിക്കുകയാണ് നടി പാർവതി. ലിജോയുടെ രണ്ടാമത്തെ സിനിമയായ സിറ്റി ഓഫ് ഗോഡിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ആ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താനും ലിജോയുമെല്ലാം ഒരുപാട് ചാനലുകളിൽ ചെന്ന് സംസാരിച്ചിട്ടുണ്ടെന്നും പാർവതി പറയുന്നു.

നിലവിലുണ്ടായിരുന്ന രീതികളെ മാറ്റിമറിച്ച് പുതിയതരം സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് ലിജോയെന്നും ഡബിൾ ബാരൽ പോലൊരു സിനിമ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും പാർവതി കൂട്ടിച്ചേർത്തു.

‘ലിജോയുടെ രണ്ടാമത്തെ സിനിമയായ സിറ്റി ഓഫ് ഗോഡിൽ ഞാൻ അഭിനയിച്ചിരുന്നു. അന്ന് ആ സിനിമയ്ക്ക് വേണ്ടി ലിജോ അനുഭവിച്ച സ്ട്രഗിൾ നേരിൽ കണ്ടതാണ്. സിനിമ ആളുകളിൽ എത്തുന്നതിന് വേണ്ടി ലിജോയും റിമയും ഞാനുമൊക്കെ ഞങ്ങളുടെ കാറിൽ ചാനലുകളുടെ ഓഫീസിൽ ചെന്ന് സംസാരിച്ചിരുന്നു.

ഞങ്ങൾക്കൊക്കെ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്ന സിനിമയായിരുന്നു അത്. നിലവിലുണ്ടായിരുന്ന രീതിയെയും കാഴ്‌ചശീലങ്ങളെയും മാറ്റിമറിച്ച് പുതിയ സംവേദനക്ഷമത സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്തിരുന്നു ലിജോ. വളരെയെധികം ആസ്വദിച്ച് ഞാൻ ചെയ്‌ത കഥാപാത്രമാണ് അതിലെ മരതകം.

പിന്നീട് ലിജോ ഓരോ സിനിമ ചെയ്യുമ്പോഴും മുന്നോട്ടുപോവുമ്പോഴും വലിയ സന്തോഷം തോന്നി. ഡബിൾ ബാരൽ പോലൊരു സിനിമ ചെയ്യാൻ ലിജോയ്ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. ലിജോ, ആഷിക് അബു, അഞ്ജ‌ലി മേനോൻ തുടങ്ങിയവർക്കൊപ്പമെല്ലാം വർക്ക് ചെയ്യുന്നതിൽ വലിയ സന്തോഷം കണ്ടെത്തുന്ന ആളാണ് ഞാൻ. സിനിമയിൽ ഏതെല്ലാം രീതിയിൽ മാറ്റങ്ങൾ വരുത്താനാവുമെന്ന് പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് അവരെല്ലാം,’പാർവതി പറയുന്നു.

Content Highlight: Parvathi Thiruvoth About Films Of Lijo Jose Pellissery