മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചിട്ടുള്ള പാർവതി മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പാർവതി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും വിവാദകരമാക്കാതെ അവരുടെ ജീവിതം കാണിക്കുന്നതാണ് മാധവിക്കുട്ടിയോട് കാണിക്കുന്ന ആദരവെന്നും പാർവതി പറയുന്നു. മാധവിക്കുട്ടിയുടെ ശരിയായ വ്യക്തിത്വം അവതരിപ്പിക്കുകയെന്നത് ഒരു സ്വപ്നമാണെന്ന് പറഞ്ഞ പാർവതി ആണും പെണ്ണും എന്ന ആന്തോളജി സിനിമയിൽ രാച്ചിയമ്മ എന്ന കഥാപാത്രത്തെ ചെയ്യാനുണ്ടായ സാഹചര്യവും വിവരിച്ചു.
മാധവിക്കുട്ടിയുടെ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കണമെന്നുണ്ട്
– പാർവതി
‘മുമ്പ് ‘രാച്ചിയമ്മ’ ഒരു ഫീച്ചർ ഫിലിം ആയി ചെയ്യാൻ ചിലർ ശ്രമിച്ചിരുന്നു. അന്നവരെന്നെ സമീപിച്ചപ്പോൾ ഞാൻ പറ്റില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് വേണുസാർ അതൊരു ഷോർട്ട് ഫിലിമായാണ് ചെയ്‌തത്. വേണുസാർ വിളിച്ചപ്പോഴും ഞാൻ പറഞ്ഞു, അതിൽ എനിക്ക് പൊരുത്തപ്പെടാനാവാത്ത ചില വശങ്ങളുണ്ടെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, ഇത് ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്നതിനുപരി നമ്മുടെ ആവിഷ്‌കാരമായിരിക്കുമെന്ന്. അപ്പോഴാണ് ഞാനതിന് തയ്യാറായത്.
അതുപോലെ മാധവിക്കുട്ടിയുടെ ക്യാരക്ടർ സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് ഞാൻ അടിവരയിട്ട് പറയുന്നു. അവരെ ഞാൻ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. വായിച്ചുള്ള അറിവാണ്. അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരവ് അവരുടെ ജീവിതത്തെ വിവാദകരമാക്കാതിരിക്കുകയാണെന്നും ഞാൻ വിശ്വസിക്കുന്നു.
അങ്ങനെയൊന്നുമല്ലാതെ അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാൻ കഴിഞ്ഞാൽ വലിയ സന്തോഷം തോന്നും. അവർ ആരാണ് എന്നത് അതിൻ്റെ മുഴുവൻ അർത്ഥത്തിൽ ഉൾക്കൊള്ളാനുള്ള ശക്തിയോ ഔചിത്യമോ നമുക്കില്ലാതെ പോയി എന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ ശരിയായ വ്യക്തിത്വം അവതരിപ്പിക്കുക എന്നതൊരു സ്വപ്നം തന്നെയാണ്,’പാർവതി പറയുന്നു.
അതേസമയം നേരത്തെ മഞ്ജു വാര്യർ നായികയായി ‘ആമി’ എന്ന പേരിൽ മാധവിക്കുട്ടിയുടെ കഥ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. കമൽ സംവിധാനം ചെയ്ത സിനിമയിൽ ടൊവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോൻ തുടങ്ങിയ വലിയ താരനിര ഒന്നിച്ചിരുന്നു. സിനിമ ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു.
Content Highlight: Parvathi Thiruvoth About Biopic Of Madhavikutty