'അമ്മ' സംഘടനയെ എ.എം.എം.എ എന്ന് മാത്രമേ വിളിക്കൂ, ഡബ്ല്യു.സി.സിയെ ആരും അമ്മായി എന്നും വിളിക്കേണ്ടതില്ല: പാര്‍വതി തിരുവോത്ത്
Malayala cinema
'അമ്മ' സംഘടനയെ എ.എം.എം.എ എന്ന് മാത്രമേ വിളിക്കൂ, ഡബ്ല്യു.സി.സിയെ ആരും അമ്മായി എന്നും വിളിക്കേണ്ടതില്ല: പാര്‍വതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd August 2020, 12:02 pm

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ എ.എം.എം.എ എന്ന് മാത്രമെ വിളിക്കൂവെന്ന് നടി പാര്‍വതി തിരുവോത്ത്. മലയാള മനോരമ വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.

‘എ.എം.എം.എയുടെ പുറത്തുപറയുന്ന ഒരു നിലപാട് നമ്മളൊരു കുടുംബമാണ് എന്നതാണ്. കഴിഞ്ഞ യോഗത്തിന് ചെന്നപ്പോഴും ഒരു അംഗം ഇത് തന്നെ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു തോന്നല്‍ അവര്‍ക്കുണ്ടെങ്കിലും എനിക്കില്ല’, പാര്‍വതി പറഞ്ഞു.

പ്രിവിലേജ് ഉള്ളതുകൊണ്ടാണ് സംഘടന ക്ലബാണ്, എല്ലാവരും കൂടിയിരുന്ന് സന്തോഷത്തോടെ സംസാരിക്കുന്നുവെന്നൊക്കെ പ്രസിഡണ്ട് പറയുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. സംഘടനയെ ചോദ്യം ചെയ്താല്‍ സിനിമ കിട്ടുമോ എന്ന പേടിയുള്ളവരുണ്ടെന്നും പാര്‍വതി പറഞ്ഞു.

‘എനിക്ക് സിനിമ തരേണ്ട. ഞാനെടുത്തോളാം എന്ന പൂര്‍ണ്ണവിശ്വാസമുള്ള ആളാണ് ഞാന്‍’

വലിയ മൂല്യമുള്ള വാക്കാണ് അമ്മയെന്നും എന്നാല്‍ അമ്മ കുട്ടിയെ സംരക്ഷിക്കുന്നത് പോലെയുള്ള സുരക്ഷ സംഘടന കാണിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും പാര്‍വതി പറഞ്ഞു.

‘എ.എം.എം.എ എന്ന് മാത്രമെ ഇനിയും ഞാന്‍ പറയൂ. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരിലാണ് അറിയപ്പെടേണ്ടത്. അതിനെ ചേച്ചി, അനിയത്തി, അമ്മായി എന്നൊന്നും വിളിക്കേണ്ട ആവശ്യമില്ല’, പാര്‍വതി പറഞ്ഞു.

21 പേരുടെ വാട്‌സാപ്പ് ഗ്രൂപ്പാണ് പിന്നീട് ഡബ്ല്യു.സി.സിയായി മാറിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖരീബ് ഖരീബ് സിംഗിളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ റിമ വിളിച്ച് പറഞ്ഞിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവം താന്‍ അറിഞ്ഞതെന്ന് പാര്‍വതി പറയുന്നു.

‘എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. നമുക്കൊന്ന് ഒരുമിച്ചിരുന്ന് സംസാരിക്കണം എന്നാണ് റിമ പറഞ്ഞത്. അങ്ങനെ 21 പേരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടായി അതാണ് രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയും ഡബ്ല്യു.സി.സിയുമായി മാറിയത്’

സിനിമയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെ കുറിച്ച് നിരന്തരമായി സര്‍ക്കാരില്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പറ്റി മറ്റ് സിനിമാ സംഘടനകള്‍ പാലിക്കുന്ന മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും പാര്‍വതി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Parvathi Thiruvoth WCC AMMA