| Wednesday, 17th January 2024, 1:15 pm

അന്ന് അവാര്‍ഡ് വാങ്ങാത്തത് എന്തുകൊണ്ടാണെന്ന് ഇന്നും പലര്‍ക്കും അറിയില്ല; പാര്‍വതി തിരുവോത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചു.

എന്നാല്‍ അവാര്‍ഡ് വിതരണച്ചടങ്ങില്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു. ധന്യാ വര്‍മയുമായുള്ള അഭിമുഖത്തില്‍ അതിനെപ്പറ്റി മനസുതുറക്കുകയാണ് താരം.

ആദ്യത്തെ ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് പാര്‍വതിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഇപ്പോഴും അതിനെപ്പറ്റി മുഴുവനായി പലര്‍ക്കും അറിയില്ല. കേരളത്തില്‍ നിന്ന് 18 പേര്‍ക്കാണ് ആ വര്‍ഷം അവാര്‍ഡ് കിട്ടിയത്. ഞങ്ങള്‍ എല്ലാവരും തീരുമാനിച്ചതാണ് അത്. രാജ്യം നമുക്ക് തരുന്ന ഏറ്റവും വലിയ ബഹുമതിയാണത്.

അതിലെ ഏറ്റവും വലിയ മൊമന്റ് എന്ന് പറയുന്നത് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് വാങ്ങുന്നതാണ്. പക്ഷേ അവിടെയുള്ളവര്‍ ചെയ്തത് ഏറ്റവും പ്രധാനപ്പെട്ട 11 കാറ്റഗറിയിലുള്ളവര്‍ക്ക് മാത്രം പ്രസിഡന്റിന്റെ കൈയില്‍ നിന്നും, ബാക്കിയുള്ളവര്‍ക്ക് മന്ത്രിയും അവാര്‍ഡ് നല്‍കും എന്ന രീതിയാക്കി.

അത്രയും പ്രൈഡും സന്തോഷവും എല്ലാരില്‍ നിന്നും എടുത്തുമാറ്റുന്ന പോലെയാണ് ഞങ്ങള്‍ക്കു തോന്നിയത്. അവര്‍ക്ക് ഒന്നുകില്‍ അത് ഘട്ടം ഘട്ടമായുള്ള ചടങ്ങാക്കാമായിരുന്നു, അല്ലെങ്കില്‍ നേരത്തെ അറിയിക്കാമായിരുന്നു. ഞങ്ങളെ ഏറ്റവും വേദനിപ്പിച്ചത്, അവര്‍ അത് ആദ്യമേ അറിയിക്കാത്തതായിരുന്നു. അന്ന് രാവിലത്തെ പത്രങ്ങളില്‍ പോലും രാഷ്ട്രപതി നേരിട്ട് തരും എന്നായിരുന്നു. ആ ചടങ്ങിന് മുമ്പ് പ്രശ്‌നം പരിഹരിക്കാന്‍ കൂടിയ മീറ്റിങില്‍ ഞങ്ങള്‍ ആ പത്രവാര്‍ത്ത കാണിച്ചിരുന്നു.

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഒരു പൗരന്‍ എന്ന നിലയിലും ഞങ്ങള്‍ ചോദിച്ചത്, എന്തിനാണ് കളവു പറഞ്ഞതെന്നാണ്. പലരും വന്നിരിക്കുന്നത് ഉള്‍പ്രദേശങ്ങളില്‍ നിന്നാണ്. അവര്‍ അവരുടെ പ്രിയപ്പെട്ടവരെയും കൊണ്ടാണ് വന്നത്. ഒരു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് എന്ന നിലയിലാണ് പലരും ആ ചടങ്ങിനെ കണ്ടത്. ആ ചടങ്ങിനെ ഞാന്‍ ഒരിക്കലും ചെറുതാക്കി കണ്ടിട്ടില്ല. പക്ഷേ അതില്‍ നടക്കുന്ന അന്യായത്തെയാണ് ചോദ്യം ചെയ്തത്. കുറച്ചു പേര്‍ അവാര്‍ഡ് വാങ്ങി, കുറച്ചു പേര്‍ വിട്ടുനിന്നു. അതിന് ശേഷം മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരുപാട് പേര്‍ വിളിച്ച് സപ്പോര്‍ട്ട് തന്നു. അങ്ങനെയൊരു നിലപാട് എടുത്തതിനെ അഭിനന്ദിച്ചു.

ഒരുപക്ഷേ എനിക്ക് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് കിട്ടിയേക്കാം. പക്ഷേ ബാക്കിയുള്ളവരുടെ കാര്യമോ? അതില്‍ അങ്ങനെയൊരു വേര്‍തിരിവ് കാണേണ്ട ആവശ്യമില്ല. ആ അവാര്‍ഡ് പിന്നീട് എന്റെ വീട്ടിലേക്കെത്തി. അച്ഛന്‍ വീട്ടില്‍ ഒരു ഷോകേസ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. എനിക്ക് കിട്ടിയ അവാര്‍ഡ് മുഴുവന്‍ അതിലാണ് വെച്ചിരിക്കുന്നത്. അത് അവര്‍ മാത്രം കണ്ട് അഭിമാനിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തിരിക്കുന്നത്”  പാര്‍വതി പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി,കന്നഡ ഭാഷകളില്‍ അഭിനയിച്ച പാര്‍വതി, പോയ വര്‍ഷം ചെയ്ത ധൂതാ എന്ന തെലുങ്ക് വെബ് സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനാണ് പാര്‍വതിയുടെ പുതിയ ചിത്രം. വിക്രം നായകനായെത്തുന്ന തങ്കലാന്‍ ഈ വര്‍ഷം സമ്മര്‍ റിലീസായി തിയേറ്ററുകളിലെത്തും.

Content Highlight: Parvathi explains why she didn’t attend the national Award ceremony

We use cookies to give you the best possible experience. Learn more