ഒരു കഥാപാത്രത്തിലേക്ക് കടക്കുമ്പോള്‍ സ്വീകരിക്കുന്ന മെത്തേഡ് ആക്ടിംഗ് രീതികള്‍ വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജ് ( mami) നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. 14 വര്‍ഷത്തിനിടയ്ക്ക് ചെയ്ത കഥാപാത്രങ്ങള്‍ക്കായി സ്വീകരിച്ചു വന്ന മെത്തേഡ് ആക്ടിംഗ് രീതികളാണ് നടി വിവരിച്ചത്.
ഒരു പേപ്പറില്‍ മൂന്ന് വൃത്തങ്ങള്‍ വരച്ചാണ് പാര്‍വതി ഇത് വിവരിച്ചത്. മൂന്ന് വൃത്തങ്ങളില്‍ നടുവിലത്തേതില്‍ തിരക്കഥയും സംവിധായകനുമാണ്. രണ്ടാമത്തെ വൃത്തത്തില്‍ സ്വയം നടത്തുന്ന ഗവേഷണങ്ങള്‍ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. പരസ്പര സഹകരണവും നിര്‍വ്വഹണവുമാണ് മൂന്നാമത്തെ വൃത്തത്തില്‍.
മെത്തേഡ് ആക്ടിംഗ് എന്ന പദം അഭിനേതാക്കള്‍ക്കിയില്‍ തന്നെ വിവാദമാണെന്നാണ് പാര്‍വതി പറയുന്നത്.
‘നിങ്ങള്‍ വളരെ കഠിനമായി വിലയിരുത്തപ്പെടും. എന്നെ സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്ന പരിശീലന സാങ്കതികകളുടെ ഒരു ശ്രേണിയാണിത്. നിങ്ങളെ സംബന്ധിച്ച് സ്‌ക്രിപ്റ്റ് എടുത്ത് കളയുകയും ഒഴുക്കിനുസരിച്ച് പോവുകയുമാണെങ്കില്‍ അതും ഒരു മെത്തേഡാണ്,’ പാര്‍വതി പറഞ്ഞു.
ഒപ്പം താന്‍ വിവരങ്ങള്‍ ശേഖരണത്തിന് അടിമയാണെന്നും പാര്‍വതി പറയുന്നു. വീണ്ടും വീണ്ടും തിരക്കഥ വായിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ഒരുപാട് ഗവേഷണങ്ങള്‍ നടത്തുമെന്നും പാര്‍വതി വ്യക്തമാക്കി.
ഇത്തരം ഗവേഷണങ്ങള്‍ക്കിടയില്‍ കഥാപാത്രത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക വശങ്ങളെ പറ്റി മനസ്സിലാക്കാനും ശ്രമിക്കുമെന്നും പാര്‍വതി പറയുന്നു. കഥാപാത്രങ്ങള്‍ കേള്‍ക്കുന്ന പാട്ടുകള്‍ കേള്‍ക്കുക, അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ പോവുകയും ചെയ്യും.
നോട്ട്ബുക്ക് സിനിമയുടെ വര്‍ക്‌ഷോപ്പ് സമയത്താണ് കഥാപാത്ര നിര്‍മാണത്തെ പറ്റി പഠിക്കുന്നതെന്നാണ് പാര്‍വതി പറയുന്നത്. ആ കഥാപാത്രം ഏത് കറിയാണ് കഴിക്കുന്നതെന്നും ഏത് ടൂത്ത് പേസ്റ്റാണ് ഉപയോഗിക്കുന്നതെന്നും വരെ ഈ സമയത്ത് വര്‍കഷോപ്പില്‍ വിശകലനം ചെയ്തിരുന്നെന്നും നോട്ട്ബുക്ക് സിനിമയിലെ അവസാന ഭാഗത്ത് എന്തുകൊണ്ടാണ് അത്തരമൊരു തീരുമാനം തന്റെ കഥാപാത്രം എടുത്തതെന്ന് മനസ്സിലാക്കിയത് ഈ വര്‍ക് ഷോപ്പിനു ശേഷമാണെന്നും പാര്‍വതി പറഞ്ഞു.
സംവിധായകന്‍, ക്യാമറമാന്‍, കോസ്റ്റിയൂം ഡിസൈനര്‍, മേക്കപ്പ്മാന്‍, സഹഅഭിനേതാക്കള്‍ തുടങ്ങിയവര്‍ തമ്മിലുള്ള പരസ്പര സഹകരണം പ്രധാനമാണെന്നും പാര്‍വതി പറയുന്നു.
‘ ഞാന്‍ മുമ്പ് നസ്‌റുദീന്‍ ഷായുടെ ഒരഭിമുഖം വായിച്ചിരുന്നു. അതില്‍ മികച്ച സഹതാരങ്ങള്‍ ഉണ്ടെങ്കില്‍ വളരെ മികച്ചതാണെന്ന് പറഞ്ഞിരുന്നു.പക്ഷെ അങ്ങനെ ഇല്ലെങ്കില്‍ നമ്മുടെ കഥാപാത്രം മോശമാക്കാനുള്ള ഒരു കാരണമല്ലത്,’ പാര്‍വതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ