ന്യൂദല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് പാര്‍വതിയുടെ ആദ്യ ബോളിവുഡ്ചിത്രം ഖരീബ് ഖരീബ് സിംഗിള്‍ തിയേറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. തുല്യപ്രാധാന്യമില്ലാതെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു തന്റെ ബോളിവുഡ് പ്രവേശനം വൈകിപ്പിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാര്‍വതി.
ഖരീബ് ഖരീബ് സിംഗിളിന്റെ റിലീസിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ബോളിവുഡ് പ്രവേശനത്തെപ്പറ്റി താരം മനസ് തുറന്നത്. ബോളിവുഡിനായി മാറ്റിവയ്ക്കാനുള്ള സമയവും, സ്ഥാനവും തനിക്കില്ലെന്നാണ് കരുതിയിരുന്നതെന്നും, അടുത്തകാലം വരെ ബോളിവുഡ് തന്നെ പേടിപ്പിച്ചിരുന്നെന്നും പാര്‍വതി പറഞ്ഞു.
എന്നാല്‍ തനുജ ചന്ദ്രയുടെ ഇടപെടലും, കഥപറയുന്ന രീതിയും തന്നെ ആകര്‍ഷിച്ചെന്നും, കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ മലയാള സിനിമ ചെയ്യുന്നപോലെയാണ് തനിക്ക് തോന്നിയതെന്നും പറഞ്ഞ താരം ചിത്രീകരണത്തിനു പിന്നാലെ ബോളിവുഡിലെ വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് രീതികളെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞെന്നും വ്യക്തമാക്കി.
ഖരീബ് ഖരീബ് സിംഗിളിനു മുമ്പ് ബോളിവുഡില്‍ നിന്ന് മൂന്ന് ഓഫറുകള്‍ തന്നെത്തേടിയെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം അത് നടക്കാതെ പോയതിന്റെ കാരണങ്ങളും വ്യക്തമാക്കി.
“വലിയ വാണിജ്യവിജയം പ്രതീക്ഷിച്ചിരുന്നതായിരുന്നു ആദ്യത്തേത്. പക്ഷെ ഒരു സ്ത്രീയെന്ന നിലയില്‍ ആ ചിത്രത്തിലെ കഥാപാത്രം എന്നെ സംബന്ധിച്ച് വളരെ അപമാനകരമായാണ് തോന്നിയത്. രണ്ടാമത്തെ ചിത്രം ഡേറ്റ് പ്രശ്നത്തില്‍ മുടങ്ങി. മൂന്നാമത്തേത് നടക്കാത്തതിന് കാരണം ഒരു നടിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കേണ്ട കാര്യമില്ലെന്ന അവരുടെ നിലപാടിനെ തുടര്‍ന്നാണ്.” താരം പറയുന്നു.
വനിതാ അഭിനേതാക്കള്‍ സിനിമ ഇന്‍ഡസ്ട്രിയിലെ ചൂഷണങ്ങളടക്കം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയേണ്ടതുണ്ടെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. “നടിമാര്‍ “അധിക പ്രസംഗം” നടത്തണം. ബോളിവുഡില്‍ ഒരു മുന്‍നിര നടി ഇത്തരത്തില്‍ തുറന്നുപറച്ചിലുമായി രംഗത്തുണ്ട്. അവര്‍ ഒരു പോരാളിയാണ്. അവര്‍ ഒറ്റയ്ക്കാവാന്‍ പാടില്ല”
“ഒരു നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല. മാര്‍ക്കറ്റ് വാല്യു എന്ന് പറയുന്ന സാധനം പൂജ്യമായിരിക്കും. എന്റെ ഏറ്റവും ഒടുവിലത്തെ നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ എനിക്ക് പ്രതിഫലം കൂട്ടി ചോദിക്കാനാവില്ല. നിങ്ങള്‍ക്ക് മാര്‍ക്കറ്റ് വാല്യു ഇല്ല, ഓവര്‍സീസ് റൈറ്റ്സ് ഇല്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്. നായകന് പ്രേമിക്കാനുള്ളവരെന്നതിന് അപ്പുറം സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറേ നല്ല സിനിമകള്‍ നമുക്ക് വേണം” താരം പറഞ്ഞു.