തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പ്രദേശമാണ് പരുത്തന്‍പാറ. ഈ പ്രദേശത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറിനോട് അടുത്ത സ്വകാര്യ ഭൂമി ഇപ്പോള്‍ അനധികൃത മാലിന്യ നിക്ഷേപത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കയാണ്. പൗള്‍ട്രിഫാം വേസ്റ്റുകള്‍, ആശുപത്രി വേസ്റ്റുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങി എല്ലാത്തരത്തിലുമുള്ള മാലിന്യങ്ങള്‍ ഈ പറമ്പില്‍ നിക്ഷേപിക്കുന്നത് പരിസരവാസികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
പ്രദേശവാസിയും വീട്ടമ്മയുമായ ജലജയുടെ വീടിനുമുന്നിലാണ് ഈ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്വകാര്യഭൂമി സ്ഥിതി ചെയ്യുന്നത്. “കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് പകല്‍സമയത്ത് വരെ മാലിന്യവണ്ടികള്‍ എത്തുന്നത് പതിവായിരുന്നു. പിന്നീട് ദുര്‍ഗന്ധം സഹിക്കാതെ വന്നപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാലിന്യമിടാനെത്തുന്ന വണ്ടികള്‍ തടഞ്ഞു.”- ജലജ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ALSO READ:ശമ്പളമില്ലാതെ റെയില്‍വേ ശുചീകരണ തൊഴിലാളികള്‍; ജി.എസ്.ടി കുരുക്കിയത് ഇവരെയും കൂടിയാണ്
ഇതിനുശേഷം പകല്‍സമയത്ത് എത്താത്ത മാലിന്യം പാതിരാത്രിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. മഴക്കാലത്ത് ഇവ അഴുകി അടുത്തുള്ള കിണറുകളിലേക്ക് എത്താറുണ്ട്. കുടിവെള്ളം വരെ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ പരിസരങ്ങളിലെ ഓരോ വീട്ടിലും ഒരാള്‍ക്കെങ്കിലും അലര്‍ജി രോഗമുണ്ടാകുന്നതായി അടുത്തിടെയായി കാണപ്പെട്ടിരുന്നു. പരാതികള്‍ നിരവധി നല്‍കിയിട്ടും യാതൊരുവിധത്തിലുള്ള നടപടികളും ഇതേവരെ ഉണ്ടായിട്ടില്ലെന്ന് ജലജ് പറയുന്നു.
പറമ്പിലെ മാലിന്യം കൂമ്പാരമാകുന്നതിനെത്തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ പൊറുതി മുട്ടിയ പ്രദേശവാസികളിലൊരാളായ ജലജ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനും, പൊലീസ് അധികൃതര്‍ക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു ഫലവും ഇതേവരെയുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. ഒന്നരേക്കറോളം വരുന്ന ഈ സ്വകാര്യഭൂമിയുടെ ഉടമയുടെ കീഴില്‍ ഒരു വിവാഹ മണ്ഡപം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വിവാഹ മണ്ഡപത്തിലെ ഭക്ഷാണാവശിഷ്ടങ്ങള്‍ കളയാനാണ് ഇദ്ദേഹം തന്റെ സ്ഥലത്ത് മാലിന്യക്കുഴി സ്ഥാപിക്കുകയും ഭക്ഷണമാലിന്യങ്ങള്‍ തള്ളുകയും ചെയ്തിരുന്നത്. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ രാത്രിയും പകലുമില്ലാതെ മാലിന്യങ്ങള്‍ ഇവിടെ തള്ളാന്‍ തുടങ്ങി. വിവാഹ മണ്ഡപത്തിലെ മാലിന്യങ്ങളല്ല അതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. ആശുപത്രി മാലിന്യം തൊട്ട് പ്ലാസ്റ്റിക് വരെ ഇതിലുണ്ടായിരുന്നു.
ഒന്നരേക്കറോളം വരുന്ന ഈ പറമ്പിന് ചുറ്റുമതിലുകളോ വേലികളോ ഇല്ലാത്തത് വണ്ടികളില്‍ വേസ്റ്റുകള്‍ തള്ളാന്‍ വരുന്നവര്‍ക്ക് സൗകര്യമൊരുക്കി നല്‍കുന്നു. ചുറ്റുമതില്‍ കെട്ടി ഇത്തരം മാലിന്യക്കുമ്പാരമായി പ്രദേശം മാറുന്നത് തടയണമെന്നും സ്ഥലത്തിന്റെ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിലൊന്നും യാതൊരുവിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ വാദം.
ജനകീയമായി പ്രശ്‌നത്തെ നേരിടാന്‍ തീരുമാനിച്ച പരുത്തന്‍പാറ നിവാസികള്‍ പ്രദേശത്തുള്ള എല്ലാ ജനങ്ങളുടെയും ഒപ്പുസമാഹാരണം നടത്തി പൊലീസിലും, മുനിസിപ്പാലിറ്റി അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. രേഖാമൂലം നല്‍കിയ ഒരു പരാതികള്‍ക്കും ഇതേവരെ യാതൊരു വിധത്തിലുള്ള നടപടികളും എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരനായ നൂജൂബ് മുഹമ്മദ് പറയുന്നത്. മഴക്കാലത്ത് തന്റെ കിണറിലേക്ക് മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ എത്താറുണ്ടെന്നും കുടിവെള്ളത്തെപ്പോലും ഇത് ബാധിക്കാറുണ്ടെന്നുമാണ് പ്രദേശവാസി കൂടിയായ നൂജൂബ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
മാലിന്യപ്രശ്‌നത്തെ സംബന്ധിച്ച് കാര്യത്തില്‍ ശക്തമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട അധികൃതരുടെ പ്രതികരണങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നു. “നിലവില്‍ മാലിന്യപ്രശ്‌നത്തെ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്തേ മാലിന്യങ്ങള്‍ കുടുംബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹായത്തോടെ പൂര്‍ണ്ണമായും നീക്കം ചെയ്തതാണ്. കല്യാണ മണ്ഡപത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍ മാത്രമേ ഇവിടെയിടാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പ്രദേശവാസികളുടെ പരാതികള്‍ മുനിസിപ്പാലിറ്റിയുടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു മുന്നില്‍ ചര്‍ച്ചയ്‌ക്കെടുത്തതായും” വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ലിസ്സി വിജയന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
MUST READ: സുരക്ഷാ സംവിധാനങ്ങളില്ല; കോഴിക്കോട് കോര്‍പ്പറേഷനിലെ ഖരമാലിന്യ സംസ്‌കരണ തൊഴിലാളികള്‍ ദുരിതത്തില്‍
അതേസമയം രാത്രികാലങ്ങളിലാണ് പരുത്തന്‍പാറയില്‍ മാലിന്യങ്ങളുമായി വണ്ടികള്‍ സ്ഥിരം എത്തുന്നത്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം മുനിസിപ്പാലിറ്റി അധികൃതര്‍ക്കു മുന്നില്‍ വച്ചെങ്കിലും ഇതേവരെ ഈ വിഷയത്തില്‍ ഒരു നടപടിയും മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജലജ പറയുന്നു. മാലിന്യങ്ങള്‍ തള്ളുന്ന പറമ്പിന് ചുറ്റും മതില്‍കെട്ടി മറ്റ് മാലിന്യവണ്ടികള്‍ തടയണമെന്ന് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പരാതിക്കാരിയായ ജലജ കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മുനിസിപ്പാലിറ്റിക്കുണ്ടായ വീഴ്ച ഇനിയും തുടരുന്ന സാഹചര്യമാണെങ്കില്‍ തങ്ങള്‍ ശക്തമായി സമരം തന്നെ സംഘടിപ്പിക്കുമെന്ന നിലപാടാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.