| Sunday, 6th August 2023, 9:41 pm

പരുമല വധശ്രമം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പരുമല ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നേഴ്‌സിന്റെ വേഷത്തിലെത്തിയായിരുന്നു പ്രതിയായ അനുഷ പ്രസവിച്ചുകിടക്കുകയായിരുന്ന സ്‌നേഹയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയര്‍ എംബോളിസം ഉപയോഗിച്ചായിരുന്നു അനുഷ സ്‌നേഹയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. സ്‌നേഹയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അനുഷ. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ ഇന്നലെ ചോദ്യം ചെയ്ത് പൊലീസ് വിട്ടയച്ചിരുന്നു. അരുണിന്റെയും പ്രതി അനുഷയുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ച് വരികയാണ്. സ്‌നേഹയെ വധിക്കാനുള്ള ശ്രമത്തിന് അരുണിന്റെ സഹായം ലഭിച്ചോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അനുഷയുമായി സുഹൃത്ത് ബന്ധമാണ് ഉള്ളതെന്നാണ് അരുണ്‍ മൊഴി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതി അനുഷയുടെ ഭര്‍ത്താവിന്റെയും മുന്‍ ഭര്‍ത്താവിന്റെയും മൊഴി എടുക്കാനാണ് പൊലീസ് തീരുമാനം. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും മൊഴിയെടുക്കുക. പരാതിക്കാരി സ്‌നേഹ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാല്‍ അവരുടെയും മൊഴിയെടുക്കും. എയര്‍ എംബോളിസം തനിക്ക് അറിയാമെന്ന് അനുഷ മൊഴി നല്‍കിയിരുന്നു. ഐ.പി.സി 1860, 419, 450, 307 വകുപ്പുകള്‍ പ്രകാരമാണ് അനുഷക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് നേഴ്‌സിന്റെ വേഷം ധരിച്ചെത്തി അനുഷ സിറിഞ്ച് കുത്തിവെച്ച് സ്‌നേഹയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.  അരുണിനെ സ്വന്തമാക്കാനായാണ് ഇവര്‍ സ്‌നേഹയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം.

Content Highlights: Parumala assassination attempt; The Human Rights Commission filed a case

We use cookies to give you the best possible experience. Learn more