| Sunday, 20th February 2022, 5:16 pm

യൂട്യൂബില്‍ തൂക്കിയടി; ട്രെന്റിംഗ് നമ്പര്‍ വണ്ണായി പറുദീസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മ പര്‍വത്തിലെ പറുദീസ എന്ന പാട്ട് പുറത്തിറങ്ങിയത്. യൂട്യൂബില്‍ റിലീസായ നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയിലെ സകല ചര്‍ച്ചകളും പറുദീസയിലേക്ക് വഴിമാറുകയാണ്.

‘ഇവിടെയാരും കരയുകില്ല…ആടുന്നോര്‍ ആടട്ടെ പാടുന്നോര്‍ പാടട്ടെ… ‘ എന്ന വരികള്‍ നിമിഷനേരം കൊണ്ടാണ് ഹിറ്റായത്. ശ്രീനാഥ് ഭാസിയും സൗബിന്‍ ഷാഹിറും സ്‌ക്രീനിലെത്തി പഴയ ഹിപ്പി മൂഡാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. എണ്‍പതുകളില്‍ ഇന്ത്യയൊന്നാകെ ഹിറ്റായ 13 എ.ഡിയുടെ റഫറന്‍സുകളും പാട്ടിലുണ്ട്.

ഇപ്പോഴിതാ യൂട്യൂബിലെ ട്രെന്റിംഗ് നമ്പര്‍ വണ്ണായി മുന്നേറുകയാണ് പറുദീസ. 1.4M വ്യൂസാണ് ഗാനം ഇതിനോടകം നേടിയിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രീനാഥ് ഭാസി തന്നെയാണ് പാട്ട് പാടിയിരിക്കുന്നതും.

ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.

അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലേക്കെത്തും.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം.

എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്‌ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍.

അതേസമയം, എസ്.എന്‍. സ്വാമി- കെ. മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സി.ബി.ഐ 5ലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

സി.ബി.ഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്‌ക്രീനിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എസ്.എന്‍. സ്വാമിയാണ്. ഭീഷ്മ പര്‍വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Content Highlight: Parudeesa – Song From Bheeshma Parvan is On Tending Number 1 on YouTube

We use cookies to give you the best possible experience. Learn more