| Friday, 19th March 2021, 5:56 pm

സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി ബംഗാള്‍ ബി.ജെ.പിയില്‍ കലാപം; ഓഫീസുകള്‍ തല്ലിത്തകര്‍ത്തും കൊടികള്‍ നശിപ്പിച്ചും പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി പുറത്തിറക്കിയ പുതിയ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം. പാര്‍ട്ടിയ്ക്ക് വേണ്ടി അധ്വാനിച്ചവരെ പരിഗണിക്കാതെ പുറത്തുനിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

മാല്‍ഡ, നോര്‍ത്ത് 24 പാര്‍ഗനാസ്, ജല്‍പായ്ഗുരി, അസന്‍സോള്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി ഓഫീസ് പ്രവര്‍ത്തകര്‍ തന്നെ തല്ലിത്തകര്‍ത്തു. നോര്‍ത്ത് 24 പാര്‍ഗനാസിലെ ദുംദുമില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

ബി.ജെ.പി ഓഫീസിന് മുന്നില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് സ്ഥാനാര്‍ത്ഥിയായ സമിക് ഭട്ടാചാര്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി. മാല്‍ഡയിലും സമാന പ്രതിഷേധമുണ്ടായി.

ബി.ജെ.പി നേതാവ് ദിലീപ് ഘോഷിന്റെ പോസ്റ്ററുകളും കൊടികളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. തൃണമൂല്‍ വിട്ട് വന്ന ജിതേന്ദ്ര തിവാരിയ്ക്ക് സീറ്റ് നല്‍കിയതാണ് പണ്ടബേശ്വര്‍ നിയമസഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

ജിതേന്ദ്ര തിവാരി തൃണമൂലിലായിരുന്നപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരെ നിരന്തരം ആക്രമിക്കുമായിരുന്നെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജിതേന്ദ്ര തിവാരിയ്ക്കായി പ്രവര്‍ത്തനത്തിനിറങ്ങില്ലെന്നും അവര്‍ പറഞ്ഞു.

ജിതേന്ദ്രയെ മാറ്റണമെന്നും അല്ലെങ്കില്‍ ബി.ജെ.പിയ്‌ക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കാലങ്ങളായി ബി.ജെ.പിയ്ക്കായി പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കാത്തത് അംഗീകരിക്കാനാകില്ലെന്ന് റായ്ഗഞ്ചിലെ ബി.ജെ.പി നേതാവും പറഞ്ഞു.

നിരവധിയിടങ്ങളില്‍ ബി.ജെ.പി ഓഫീസുകള്‍ തകര്‍ക്കുകയും രേഖകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Party workers up in arms over tickets to outsiders, TMC turncoats BJP West Bengal

We use cookies to give you the best possible experience. Learn more