കണ്ണൂര്‍: ഭരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് സി.പി.ഐ.എം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.ഐ.എം കണ്ണൂര്‍ ജില്ല സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൊലീസ് സ്‌റ്റേഷനുകളിലേയും തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഒരു വിഷയവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ വിളിക്കരുതെന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
ഏതെങ്കിലും സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇടപെടല്‍ നടത്തേണ്ടി വന്നാല്‍ പാര്‍ട്ടി ഘടകത്തില്‍ അറിയിച്ചാല്‍ മതി. ഒരു വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിക്കേണ്ടതില്ല.
ബംഗാളിലേയും ത്രിപുരയിലേയും സി.പി.ഐ.എം തകര്‍ച്ച് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഭരണത്തുടര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളിയെന്ന ആരോപണമുണ്ടായെന്നും കേരളത്തിലുണ്ടായ ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. അധികാരം ലഭിച്ചതിന്റെ പേരില്‍ അഹങ്കരിക്കരുതെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവര്‍ത്തകനോ കരുതിയാല്‍ അവര്‍ക്ക് സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്നാണ് കോടിയേരി പറഞ്ഞിരുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന്റെ മാത്രം സര്‍ക്കാരല്ല. എല്ലാവരുടെയും സര്‍ക്കാരാണ്. അതുകൊണ്ട്, എല്ലാവര്‍ക്കും നീതി എന്നതാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: party workers should never interfere in governance warns cm pinarayi vijayan