കണ്ണൂര്‍-പത്തനംതിട്ട ഭിന്നതയില്ല, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം; മരണപ്പെട്ട എ.ഡി.എമ്മിന്റെ വീട്ടിലെത്തി എം.വി.ഗോവിന്ദന്‍
Kerala News
കണ്ണൂര്‍-പത്തനംതിട്ട ഭിന്നതയില്ല, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം; മരണപ്പെട്ട എ.ഡി.എമ്മിന്റെ വീട്ടിലെത്തി എം.വി.ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2024, 12:54 pm

പത്തനംതിട്ട: ആദ്യം മുതല്‍ അവസാനം വരെ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നവീന്‍ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ലെന്നും കണ്ണൂരിലേയേും പത്തനംതിട്ടയിലേയും കേരളത്തിലേയും പാര്‍ട്ടിയുടെ നിലപാട് ഒന്നു തന്നെയാണെന്നും അത് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പി.പി. ദിവ്യക്കെതിരായ സംഘടന നടപടിയെന്നത് പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമാണെന്നും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നതാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ ഉടന്‍ തന്നെ മാറ്റിയിട്ടുണ്ടെന്നും അതിന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യാതൊരു താമസവുമില്ലാതെ തന്നെ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബുവിന്റെ കുടുംബവുമായി സംസാരിച്ചെന്നും അവര്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള എല്ലാവിധ നിയമ പരിരക്ഷയും അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും കുടുംബത്തിന് ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളക്ടര്‍ക്കെതിരായ പരാതിയും അന്വേഷിക്കുന്നുണ്ടെന്നും അക്കാര്യത്തിലും അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.ഐ.എം പൂര്‍ണമായും ഈ വിഷയത്തില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ താന്‍ പറയുന്നതാണ് ഇക്കാര്യത്തിലെ അവസാന വാക്കെന്നും വിവിധ ജില്ല കമ്മിറ്റികള്‍ക്കും ഡി.വൈ.എഫ്.ഐക്കും വ്യത്യസ്ത നിലപാടുകളാണല്ലോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം മറുപടി പറഞ്ഞു.

2024 ഒക്ടോബര്‍ 14നാണ് കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിനെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണപ്പെടുന്നതിന്റെ മുമ്പുള്ള ദിവസം നടന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ആ ചടങ്ങിലേക്ക് കടന്നുചെന്ന് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.

ഇതില്‍ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും വകുപ്പ് തല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലാന്റ് റെവന്യൂ കമ്മീഷ്ണര്‍ പി. ഗീതയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

content highlights: Party with Naveen Babu’s family; MV Govindan reached the house of deceased ADM