ബി.ജെ.പി സഖ്യത്തിലുള്ള പാർട്ടിക്ക് ഇടതുമുന്നണിയിൽ തുടരാനാവില്ല; കേരള ജെ.ഡി.എസിന് സി.പി.ഐ.എം മുന്നറിയിപ്പ്
national news
ബി.ജെ.പി സഖ്യത്തിലുള്ള പാർട്ടിക്ക് ഇടതുമുന്നണിയിൽ തുടരാനാവില്ല; കേരള ജെ.ഡി.എസിന് സി.പി.ഐ.എം മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 30, 05:21 am
Saturday, 30th September 2023, 10:51 am

തിരുവനന്തപുരം: ബി.ജെ.പി സഖ്യമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാൻ സാധിക്കില്ലെന്ന് ജെ.ഡി.എസ് കേരളഘടകത്തിന് സി.പി.ഐ.എം മുന്നറിയിപ്പ് നൽകിയെന്ന് റിപ്പോർട്ട്.

അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തോട് സി.പി.ഐ.എം ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട് ചെയ്തു. പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങൾ ജെ.ഡി.എസ് വേഗത്തിലാക്കുമെന്നും നിർണായക തീരുമാനമെടുക്കാൻ സംസ്ഥാന കമ്മിറ്റി ഒക്ടോബർ ഏഴിന് യോഗം ചേരുമെന്നും റിപ്പോർട്ടുണ്ട്.

എൻ.ഡി.എ സഖ്യത്തിനൊപ്പമില്ലെന്ന് അറിയിക്കാൻ സംസ്ഥാന നേതൃത്വം നാളെ കർണാടകയിലേക്ക് പോകുമെന്നും ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട് ചെയ്തു.

എൻ.ഡി.എ സഖ്യത്തിനില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എൻ.ഡി.എ സഖ്യത്തോടൊപ്പം തുടരണോ വേണ്ടയോ എന്ന് സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്ന് ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡ പറഞ്ഞിരുന്നു. കർണാടക ജെ.ഡി.എസിനെ രക്ഷിക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2006ൽ ബി.ജെ.പി-ജെ.ഡി.എസ് സർക്കാർ കർണാടകത്തിൽ സർക്കാർ രൂപീകരിച്ചപ്പോഴും കേരള ജെ.ഡി.എസ് സ്വതന്ത്ര്യമായി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കേരളം ഭരിക്കുന്നത് എൻ.ഡി.എ-ഇടതുമുന്നണി സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Content Highlight: Party with BJP Alliance cannot stay in LDF; CPIM warns Kerala JDS