ന്യൂദല്‍ഹി: എ.എ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും ദല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് തീരുമാനിച്ചാലും അത് സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനിക്കും, ഹൈക്കമാന്റ്, രാഹുല്‍ ഗാന്ധിയും മറ്റുള്ളവരും ചേര്‍ന്ന് തീരുമാനിക്കും. അവര്‍ എന്ത് തീരുമാനിച്ചാലും അത് തങ്ങള്‍ക്ക് സ്വീകാര്യമാണ് എന്നാണ് ഷീലാ ദീക്ഷിത് പറഞ്ഞത്.
2013 ല്‍ അരവിന്ദ് കെജ്‌രിവാള്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ് ഷീലാ ദീക്ഷിത്. എ.എ.പി യുമായി സഖ്യമുണ്ടാക്കും എന്ന വാര്‍ത്തയോട് വളരെ നയപരമായ നിലപാടാണ് ഷീല ദീക്ഷിത് സ്വീകരിച്ചത്.
എന്നാല്‍ സഖ്യമുണ്ടാകാനുള്ള സാധ്യത നേരത്തെ എ.എ.പി രാജ്യസഭാംഗം സഞ്ചയ് സിങ്ങ് നിഷേധിച്ചിരുന്നു. ഇത് വരെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എ.എ.പി എടുത്തിട്ടില്ല. ഇതല്ലാത്തതായ വാര്‍ത്തകളെല്ലാം വ്യാജ പ്രചരണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
എ.എ.പി യെ പല തവണ നിശിതമായി വിമര്‍ശിച്ച നേതാവാണ് ഷീലാ ദീക്ഷിത്. ജൂണില്‍ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് ഷീലാ ദീക്ഷിത് രെഗത്തെത്തിയിരുന്നു. “ഗവര്‍ണറൊ കേന്ദ്രവുമൊ ആയി തര്‍ക്കമുണ്ടെങ്കില്‍ അത് ജോലി ചെയ്യാതിരിക്കാനുള്ള ന്യായമ്ലല എന്നാണ് അവര്‍ പറഞ്ഞത്.