കോഴിക്കോട്: ബി.ജെ.പിയുടെ പദയാത്ര പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എസ്.സി, എസ്.ടി നേതാക്കളോടൊപ്പം ഉച്ചയൂണ് കഴിച്ചതില്‍ അഭിമാനമാണ് തോന്നുന്നതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ പാറമട, മദ്യരാജാക്കന്മാര്‍ക്കൊപ്പമല്ല താന്‍ ഭക്ഷണം കഴിച്ചതെന്നും ബി.ജെ.പി അധ്യക്ഷന്‍ വിവാദത്തില്‍ പ്രതികരിച്ചു.
എസ്.സി, എസ്.ടി നേതാക്കളോടൊപ്പം ഉച്ചയൂണ് കഴിക്കുന്നുവെന്ന് പറയുന്നത് ഇത്ര വലിയ തെറ്റാണോ എന്ന ചോദ്യവും കെ.സുരേന്ദ്രന്‍ ഉന്നയിച്ചു. താനൊരു പിന്നാക്ക വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പട്ടികജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മോദിയുടെ ഗ്യാരന്റിയെന്ന മുദ്രാവാക്യത്തോട് കൂടി ബി.ജെ.പി നടത്തുന്ന പദയാത്രയുടെ പോസ്റ്ററിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് നടന്ന പദയാത്രയുടെ വിവരങ്ങളടങ്ങിയ പോസ്റ്ററിലെ ജാതീയതക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിനുപിന്നാലെയാണ് കെ. സുരേന്ദ്രന്റെ പ്രതികരണം.
‘ഉച്ചയൂണ് എസ്.സി, എസ്.ടി നേതാക്കളോടൊപ്പം’ എന്നെഴുതിയ പദയാത്രയുടെ പോസ്റ്ററിനെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. ജാതീയമായ അധിക്ഷേപത്തിന്റെ അങ്ങേയറ്റം തന്നെയായിരുന്നു ബി.ജെ.പിയുടെ ഈ പോസ്റ്റര്‍.
പദയാത്രയെന്ന പേരില്‍ നടത്തുന്ന ബി.ജെ.പി സംഗമം ഒരു തീര്‍ത്ഥ യാത്രക്ക് തുല്യമാണെന്നാണ് പോസ്റ്ററുകളിലൂടെ മനസിലായത്. ക്ഷേത്ര ദര്‍ശനവും, പുഷ്പ്പാര്‍ച്ചനയും, മാറാട് അരയ സമാജത്തില്‍ നിന്നുള്ള പ്രഭാത ഭക്ഷണവും അടങ്ങുന്നതായിരുന്നു കെ. സുരേന്ദ്രന്റെ കോഴിക്കോടിലെ പദയാത്ര.