പ്രസ്ഥാനം ആരുടെ ചാക്കിലും വീഴാന്‍ പാടില്ലായിരുന്നു: ബാബു. എം. പാലിശ്ശേരി എം.എല്‍.എ
Kerala
പ്രസ്ഥാനം ആരുടെ ചാക്കിലും വീഴാന്‍ പാടില്ലായിരുന്നു: ബാബു. എം. പാലിശ്ശേരി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2013, 9:09 am

[]കുന്നംകുളം: സി.പി.ഐ.എമ്മിനെ പോലെ ഒരു വലിയ പ്രസ്ഥാനം ആരുടെയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നെന്ന് കുന്നംകുളം എം.എല്‍.എയും പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ കമ്മറ്റിയംഗവുമായ ബാബു. എം. പാലിശ്ശേരി എം.എല്‍.എ. തനിക്ക് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്ലീനത്തിന്റെ സമാപന ദിവസം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ തന്നെ വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണന്റെ കമ്പനിയുടെ പരസ്യം വന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

“അത് ഒഴിവാക്കാമായിരുന്നു. ആവേശം ആകാശത്തോളം ഉയര്‍ന്നു നിന്ന നിമിഷത്തില്‍ സ്വയം തകര്‍ന്ന് ഒരു ഗര്‍ത്തത്തിലേയ്ക്ക് നിപതിച്ച പോലെ.. നെഞ്ച് വിരിച്ച് നിന്ന ശേഷം പിന്നെ തല കുമ്പിട്ട് നില്‍ക്കേണ്ടി വന്ന പോലെ. നമ്മുടേത് പോലെ ഒരു വലിയ പ്രസ്ഥാനം ആരുടെയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നു. എനിക്ക് ലജ്ജ തോന്നുന്നു” എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ചാക്ക് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പേരിലാണ് ഇന്നലെ ദേശാഭിമാനിയുടെ എല്ലാ എഡിഷനിലും പരസ്യം പ്രത്യക്ഷപ്പെട്ടത്. “സി.പി.ഐ.എം സംസ്ഥാന പ്ലീനത്തിന് സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍”എന്നാണ പരസ്യത്തില്‍ പറയുന്നത്.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലും കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും കുടുംബവും ആത്മഹത്യ ചെയ്ത കേസിലും പ്രതിയാണ് ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി.എം രാധാകൃഷ്ണന്‍.

ഇക്കാര്യത്തെ കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ. പി ജയരാജന്‍ കയര്‍ത്ത് സംസാരിച്ചതും വിവാദമായിരുന്നു.

രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിക്കൂടെ എന്നായിരുന്നു ജയരാജന്റെ ചോദ്യം. രാധാകൃഷ്ണന്‍ കുറ്റവാളിയല്ല, കുറ്റാരോപിതന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ടാറ്റയും ബിര്‍ളയും സോഷ്യലിസ്റ്റുകളാണോ എന്ന് നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

അതേ സമയം പരസ്യത്തിനായി ദേശാഭിമാനിയ്ക്ക് നല്‍കിയ പണം മുതലായി എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.