ഇസ്‌ലാമാബാദ്: സൈന്യവുമായുള്ള സംഘര്‍ഷത്തിനിടയില്‍ പാര്‍ട്ടി നേതാക്കള്‍ രാജിവെക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് മുന്‍ പാകിസ്ഥാന്‍ മുഖ്യമന്ത്രി ഇമ്രാന്‍ ഖാന്‍. മുന്‍ കേന്ദ്രമന്ത്രി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് രാജിക്കായി സമര്‍ദ്ദമുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാരില്‍ വാര്‍ത്താ വിതരണ മന്ത്രിയായിരുന്ന ഫവാദ് ചൗധരി കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെ മുന്‍ ധനമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ആസാദ് ഉമര്‍ സ്ഥാനമൊഴിയുകയാണെന്നും എന്നാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും അറിയിച്ചിരുന്നു.
ആസാദ് ഉമര്‍ രാജിവെച്ചതിന് പിന്നാലെ സീനിയര്‍ വൈസ് പ്രസിഡന്റ് ഷിറിന്‍ മസാരിയും രാജി സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഖാന്റെ അറസ്റ്റിന് ശേഷം നടന്ന സംഘര്‍ഷത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവര്‍ മോചിതരായതിന് ശേഷമാണ് തങ്ങളുടെ രാജി പ്രഖ്യാപനം നടത്തിയത്.
നേരത്തെ ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് തെരുവില്‍ അക്രമം നടത്തിയ ആയിരക്കണക്കിന് പാകിസ്ഥാന്‍ തെഹ്‌രീഖ്-ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘ഇത് പാകിസ്ഥാന്‍ ചരിത്രത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു അടിച്ചമര്‍ത്തലാണ്,’ ബുധനാഴ്ച രാത്രി ഒരു വീഡിയോ പ്രസംഗത്തില്‍ ഖാന്‍ പറഞ്ഞു.
‘നിങ്ങള്‍ പി.ടി.ഐയുടെ ഭാഗമാണെന്ന് പറഞ്ഞാല്‍, അടിച്ചമര്‍ത്തലും അക്രമവും നേരിടേണ്ടിവരും. നിങ്ങളെ ലോക്കപ്പിലാക്കും. ഞങ്ങളിനി പി.ടി.ഐയിലില്ലെന്ന് പറഞ്ഞാല്‍ അവര്‍ നിങ്ങളെ മോചിപ്പിക്കും’ അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു ചൗധരി തന്റെ രാജി അറിയിച്ചത്. രാഷ്ട്രീയത്തില്‍ നിന്നും ഇടവേള എടുക്കുകയാണെന്നായിരുന്നു കലാപത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ ഉമറും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുയായിരുന്നു.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഏകപക്ഷീയമായ അറസ്റ്റ് ഖാന്‍ അനുയായികളില്‍ ഭയം ഉണ്ടാക്കിയതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മെയ് 9ന് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ്പിന്നാലെ ആളുകള്‍ തെരുവില്‍ പ്രതിഷേധിക്കുകയും കെട്ടിടത്തിന് തീയിടുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ നിന്ന് ഖാന്‍ മോചിതനായിരുന്നു. തന്റെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ഏജന്‍സികള്‍’ അക്രമം ആസൂത്രണം ചെയ്തുവെന്ന ഖാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സൈന്യം വാദം തള്ളി.
CONTENTHIGHLIGHT: party leaders forced to quite pti: Imran khan