| Sunday, 8th April 2012, 12:23 pm

മൂന്നാം മുന്നണിയെ അംഗീകരിച്ചുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസ് ഭേദഗതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേശീയ രാഷ്ട്രീയ രംഗത്ത് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് ഭേദഗതി. നേരത്തെ മൂന്നാം മുന്നണി സങ്കല്‍പ്പത്തെ കയ്യൊഴിഞ്ഞ് ഇടത് ജനാധിപത്യ സംഖ്യം ശക്തിപ്പെടുത്തുമെന്നായിരുന്നു പ്രമേയം. എന്നാല്‍ ഇടത് ജനാധിപത്യ സംഖ്യം എന്നതുകൊണ്ടുമാത്രം പാര്‍ട്ടിക്ക് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇത് പാര്‍ട്ടിയെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും ബംഗാളിലെ മമതയെ പോലുള്ളവരുടെ മുന്നേറ്റം തടയാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോകും. ഭൂരിപക്ഷം പ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സാധ്യമായ എല്ലാവഴികളും അന്വേഷിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

മൂന്നാം മുന്നണി എന്ന പേര് ഉപയോഗിക്കുന്നില്ലെങ്കിലും സാധ്യമായ എല്ലാ വഴികളും തേടുകയെന്ന ഭേദഗതിയോടെ തത്വത്തില്‍ മൂന്നാം മുന്നണിയെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട തുടരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അതേസമയം മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ പ്രവേശത്തിലും 10 ശതമാനം സംവരണം ശിപാര്‍ശ ചെയ്യുന്ന രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പാക്കണമെന്ന് സി.പി.ഐ.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ പാസാക്കിട പ്രമേയം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിരവധി ശിപാര്‍ശകളടങ്ങിയ മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വം അലംഭാവം കാട്ടുകയാണെന്ന് ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പാസാക്കിയ പ്രമേയം കുറ്റപ്പെടുത്തുന്നു.

മുസ്ലിം സമുദായത്തിലെ ഭൂരിഭാഗവും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം നല്‍കണമെന്ന നിര്‍ദേശം സത്വര പരിഗണന അര്‍ഹിക്കുന്നു. മുസ്ലിംകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസ പ്രവേശത്തിലും 10 ശതമാനവും മറ്റു ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് അഞ്ചു ശതമാനവും സംവരണമാണ് മിശ്ര കമീഷന്‍ ശിപാര്‍ശ ചെയ്തത്. ആകെ തൊഴില്‍ സംവരണത്തിന് സുപ്രീംകോടതി 50ശതമാനം പരിധിവെച്ചതിനാല്‍ ഇത് നടപ്പാക്കാന്‍ പരിധികൂട്ടാനുള്ള നിയമനിര്‍മാണം ആവശ്യമാണ്.

തൊഴില്‍രംഗത്തുള്‍പ്പെടെ മുസ്ലിംകള്‍ നേരിടുന്ന വിവേചനത്തിന്റെ ദയനീയ ചിത്രം ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് സംവരണം ശിപാര്‍ശ ചെയ്യുന്ന മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് വരുന്നതെന്ന് ഹനന്‍മുല്ല അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു. എ.വിജയരാഘവനാണ് പ്രമേയത്തെ പിന്താങ്ങിയത്.

ബംഗാളില്‍ ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി മുസ്ലിംകള്‍ക്ക് ഭൂമി നല്‍കിയതും മദ്‌റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കിയതുമുള്‍പ്പെടെ കാര്യങ്ങള്‍ അംഗീകരിക്കാത്തതുപോലുള്ള കുഴപ്പങ്ങള്‍ റിപ്പോര്‍ട്ടിനുണ്ട്. എങ്കിലും മുസ്ലിംകള്‍ സര്‍ക്കാര്‍, പൊതുമേഖല, പോലീസ് നിയമനങ്ങളില്‍ പട്ടിക വിഭാഗങ്ങളേക്കാള്‍ അനീതിയും അവഗണനയും നേരിടുന്നതായ മൊത്തത്തിലുള്ള കമ്മിറ്റിയുടെ അവലോകനം പ്രസക്തമാണ്. അതുകൊണ്ട് തന്നെ ഇതുപരിഹരിക്കാന്‍ കൃത്യമായ നടപടികള്‍ വേഗത്തിലുണ്ടാകേണ്ടതുണ്ടെന്നും ഇത് ജനാധിപത്യമതേതര ആവശ്യമാണെന്നും പ്രമേയത്തില്‍ പറയുന്നു. ഇതുള്‍പ്പെടെ മൂന്നു പ്രമേയങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ് ശനിയാഴ്ച അംഗീകരിച്ചത്.

കൃഷിഭൂമി കര്‍ഷകരില്‍ നിന്ന് തട്ടിയെടുത്ത് വന്‍കിട കമ്പനികള്‍ക്ക് കൈമാറാനുള്ളതടക്കം പുതിയനയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പ്രമേയവും ഇതിലുള്‍പ്പെടുന്നു. 12ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയില്‍ ഭൂപരിഷ്‌കരണത്തിന് വിരുദ്ധമായി ഭൂമി വന്‍കിടക്കാര്‍ക്ക് മൊത്തത്തില്‍ ഏറ്റെടുത്ത് കോര്‍പറേറ്റ് കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്നുണ്ട്. ഇതിന് അനുഗുണമായ രീതിയില്‍ പല സംസ്ഥാനങ്ങളും ഭൂപരിധി നിയമങ്ങളില്‍ മാറ്റം വരുത്തിയതായി പ്രമേയം ചൂണ്ടിക്കാട്ടി.

ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 37.72 ശതമാനം ഭൂമി മൂന്നര ശതമാനം ഭൂപ്രഭുക്കളുടെ കൈയിലാണ്. അതേസമയം, ഭൂരഹിത കര്‍ഷകരുടെ എണ്ണം 1992ല്‍ 22 ശതമാനമായിരുന്നത് 41 ശതമാനമായി കൂടി. സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് തീരാദുരിതമാണ് സമ്മാനിച്ചത്.

അതേസമയം പശ്ചിമ ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളിലാണ് ഭൂപരിഷ്‌കരണം ഫലപ്രദമായി നടപ്പാക്കിയതെന്ന് സൂര്യകാന്ത് മിശ്ര അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വികലാംഗരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയുന്നുണ്ടെങ്കിലും വികലാംഗര്‍ക്കെതിരെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, രാഷ്ട്രീയസാമൂഹിക അവകാശങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ കാര്യത്തില്‍ വിവേചനം തുടരുകയാണെന്ന് ഇതുസംബന്ധിച്ച് യു. വാസുകി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more