| Saturday, 11th May 2013, 4:56 pm

ടി.പി വധത്തിന് പിന്നില്‍ പാര്‍ട്ടി, ഒഞ്ചിയവും ഷൊര്‍ണ്ണൂരും പാഠമായില്ല വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടി.പി വധക്കേസിന് പിന്നില്‍ പാര്‍ട്ടിയല്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  വി.എസ് അച്ചുതാനന്ദന്‍.  ഒഞ്ചിയം, ഷൊര്‍ണ്ണൂര്‍, സംഭവങ്ങളില്‍ നിന്ന് പാര്‍ട്ടി ഇതുവരെ പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ചടക്ക നടപടിക്കെതിരെ പിബിക്ക് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.[]

അച്ചടക്ക നടപടിയിലുള്ള തീരുമാനം പി.ബി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ നടപടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ പിബിയ്ക്ക് കത്ത് നല്‍കുകയായിരുന്നു.

ടി.പി വധക്കേസില്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയോഗിച്ചതാണറിയുന്നത്. എന്നാല്‍ അന്വേഷണകമ്മീഷന്‍ ആരെന്ന് വ്യക്തമായിട്ടില്ല. ടി.പി വധക്കേസില്‍ തന്റെ പക്കലുള്ള തെളിവുകള്‍ ആര്‍ക്കാണ് കൈമാറേണ്ടതെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.

ലാവ്‌ലിന്‍ കേസില്‍ താനെടുത്ത നിലപാട് ശരിയാണെന്നും വി.എസ് കത്തില്‍ പറയുന്നുണ്ട്. ഐസ്‌ക്രീം കേസിലും ലാവ്‌ലിന്‍ കേസിലും താന്‍ നിലപാടെടുത്തപ്പോള്‍ ഭൂമിദാന കേസിലൂടെ രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ തന്നെ ശ്രമിച്ചിരുന്നുവെന്നും വി.എസ് വ്യക്തമാക്കുന്നുണ്ട്.

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി  അംഗീകരിക്കില്ലെന്നും നടപടി എടുക്കരുതെന്നും വിഎസ് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം വി.എസ് അച്യുതാനന്ദന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തേക്കും. കേന്ദ്രകമ്മിറ്റിയുടെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ വകുപ്പായാണ് ഉള്‍പ്പെടുത്തിയത്.

സംസ്ഥാന കമ്മറ്റിയുടെ പുറത്താക്കല്‍ നടപടിക്കാണ് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കുക. നാളെ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് കേന്ദ്രനേതൃത്വത്തിന്റെ സാങ്കേതിക അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ്  പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് എന്നിവര്‍ പുറത്താക്കല്‍ നടപടി നേരിടുന്നത്.

വാര്‍ത്ത ചോര്‍ത്തി നല്‍കുന്നവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ടെന്നും തങ്ങള്‍ക്കെതിരെയുള്ള നടപടിയിലൂടെ ഔദ്യോഗിക വിഭാഗം വിഎസിനെയാണ് ലക്ഷ്യമിടുന്നതെന്നും കാണിച്ച് വി.എസിന്റെ സ്റ്റാഫംഗങ്ങള്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഇവര്‍ക്കെതിരെയുള്ള സംസ്ഥാന ഘടകത്തിന്റെ നടപടിക്ക് നാളെ സാങ്കേതിക അനുമതി നല്‍കുമെന്നാണ് കരുതുന്നത്.

ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ജനറല്‍ സെക്രട്ടറി പറയുമെന്നാണ് കേന്ദ്രകമ്മിറ്റിക്ക് പോകും വഴി വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ വിഎസിനെതിരെയുള്ള നടപടി വൈകുന്നേരം ചേരുന്ന പി.ബി ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. പി കരുണാകരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നും തന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരം നല്‍കിയില്ലെന്നും വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്നലെ പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിഎസിനെതിരായ നടപടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

ദേശാഭിമാനി മാനേജര്‍ വരദരാജനെതിരായ പരാതിയില്‍ അന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ട് പരാതി ഉന്നയിച്ചതിന്റെ പേരില്‍ നടപടി നേരിട്ട എസ് പി  ശ്രീധരന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കി. തെളിവുകള്‍ സഹിതം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് കത്തില്‍ പറയുന്നു. ശ്രീധരനെതിരായ നടപടി കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകാരത്തിനായി പരിഗണിക്കും.

We use cookies to give you the best possible experience. Learn more