| Sunday, 2nd October 2022, 7:44 am

​ഗാന്ധി കുടുംബത്തെ കണ്ടിരുന്നു, പാർട്ടി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നായിരുന്നു എന്നോട് പറഞ്ഞത്; ശശി തരൂർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും തങ്ങള്‍ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞിരുന്നതായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.

മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരക സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 1956 ഒക്ടോബര്‍ 14ന് ബി.ആര്‍. അംബേദ്കര്‍ തന്റെ അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയില്‍ വെച്ചാണ് പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ പ്രചാരണം തരൂര്‍ ആരംഭിച്ചത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അന്ന് അവര്‍ തന്നോട് പറഞ്ഞത് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നായിരുന്നു എന്നും തരൂര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിക്കെതിരെ തരൂരിന്റെ വിമര്‍ശനം. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുമായും (സോണിയ, രാഹുല്‍, പ്രിയങ്ക) തെരഞ്ഞെടുപ്പിന്റെ ഭാഗമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പറഞ്ഞത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നാണ്. അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്ന് അവര്‍ എന്നോട് ആവര്‍ത്തിച്ച് പറഞ്ഞു. നല്ലതും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അവര്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു.

ഗാന്ധി കുടുംബവും പാര്‍ട്ടിയും നിഷ്പക്ഷമായിരിക്കും. നല്ല തെരഞ്ഞെടുപ്പ് നടക്കണമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അവര്‍ പറഞ്ഞത്,’ തരൂര്‍ പറഞ്ഞു.

തരൂരും പാര്‍ട്ടി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് മത്സര രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 17 ന് തെരഞ്ഞെടുപ്പ് നടക്കും. ഇത് സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള തെരഞ്ഞെടുപ്പാണ്, ശത്രുതയോ യുദ്ധമോ ഇല്ല, ഇത് സൗഹൃദ മത്സരമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് ആവശ്യമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നും അതല്ല പാര്‍ട്ടിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണെങ്കില്‍ ഖാര്‍ഗെക്ക് വോട്ട് ചെയ്‌തോളൂവെന്നും കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞിരുന്നു.

എതിര്‍പ്പില്ലാതെ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ചോദ്യത്തിന് തന്നില്‍ പ്രതീക്ഷയര്‍പ്പിച്ച നിരവധി പേരുണ്ടെന്നും അവരെ ചതിക്കാനാകില്ലെന്നും തരൂര്‍ പറഞ്ഞു.

‘എന്നോട് മത്സരിക്കാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ മാറ്റം ആഗ്രഹിക്കുന്നു. അവരുടെ ശബ്ദമാകാനും ഞാന്‍ ആഗ്രഹിക്കുന്നു,’ തരൂര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയായിരുന്നു തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. വെള്ളിയാഴ്ചയാണ് തരൂര്‍ പത്രിക സമര്‍പ്പിച്ചത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അവസാന നിമിഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ മത്സരത്തിലേക്ക് ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കുന്നത്. നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നായിരുന്നു ഗെലോട്ടിന്റെ നിലപാട്. ഇത് പാര്‍ട്ടി നേതൃത്വം വിസമ്മതിച്ചതോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാഗമാകില്ലെന്ന് ഗെലോട്ട് വ്യക്തമാക്കിയിരുന്നു.

Content Highlight: Party assured that there won’t be any support to a particular candidate in congress presidential poll says Shashi tharoor

We use cookies to give you the best possible experience. Learn more