| Saturday, 23rd November 2019, 11:52 am

'പാര്‍ട്ടിയും കുടുംബവും വിഭജിക്കപ്പെട്ടു, എന്റെ അച്ഛനെ വഞ്ചിച്ചു'; വാട്‌സാപ്പ് സ്റ്റാറ്റസ് വഴി പ്രതികരിച്ച് സുപ്രിയ സുലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അജിത് പവാര്‍ ബി.ജെ.പിയുമായി സഖ്യത്തിലെത്തിയതില്‍ പ്രതികരണവുമായി എന്‍.സി.പി നേതാവും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. ‘പാര്‍ട്ടിയും കുടുംബവും വിഭജിക്കപ്പെട്ടു’ എന്ന ഒറ്റവരി പ്രതികരണമായിരുന്നു സുപ്രിയ നടത്തിയത്.

വാട്‌സാപ്പ് സ്റ്റാറ്റസിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം. സുപ്രിയയുടെ പ്രതികരണം തന്നെയാണിതെന്ന് അവരുടെ ഓഫീസ് സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ കുടുംബം വഞ്ചിക്കപ്പെട്ടെന്നും അദ്ദേഹം തന്റെ അച്ഛനെ വഞ്ചിച്ചെന്നും സുപ്രിയ പറഞ്ഞതായി മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് ട്വീറ്റ് ചെയ്തു. എത്ര എം.എല്‍.എമാര്‍ പോയെന്ന് നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞതായും ബര്‍ഖാ ദത്ത് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരദ് പവാറിന്റെ മൂത്ത സഹോദരന്‍ അനന്ത്‌റാവു പവാറിന്റെ മകനാണ് അജിത് പവാര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തേ സുപ്രിയ സുലെയുടെ പേരും പറഞ്ഞുകേട്ടിരുന്നു.

അജിത്തിന്റെ പ്രവൃത്തിക്കെതിരെ കൃത്യമായ നടപടിയെടുക്കുമെന്ന് ശരദ് പവാര്‍ സൂചന നല്‍കിയിരുന്നു. ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇത് വെറുതെ വിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും എന്‍.സി.പി ഇതിനെതിരെ രംഗത്തെത്തുമെന്നും പവാര്‍ ഉദ്ദവ് താക്കറെയോട് പറഞ്ഞു. അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തിയെന്നും പവാര്‍ ഉദ്ദവിനോട് പറഞ്ഞു.

അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരം മാത്രമായിരുന്നെന്നും തങ്ങള്‍ക്ക് അതില്‍ അറിവില്ലെന്നും നേരത്തെ പവാര്‍ പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”അജിത് പവാറിന്റെ തീരുമാനം തികച്ചും വ്യക്തിപരമാണ്. ഇത്തരമൊരു തീരുമാനം എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ല. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്” എന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകള്‍.

We use cookies to give you the best possible experience. Learn more