പ്രവാസികളായ വായനക്കാരുടെ സംശയങ്ങള്‍ക്ക് എന്‍.ആര്‍.ഐ വിഷയങ്ങളിലെ നിയമ വിദഗ്ധന്‍ അഡ്വ. മുരളീധരന്‍. ആര്‍ മറുപടി നല്‍കുന്നു. ചോദ്യങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം
Email: info@nrklegal.com
ചോദ്യം: ഷാര്‍ജയില്‍ ഹോട്ടല്‍ വിറ്റ പണവുമായി പാര്‍ട്ണര്‍ മുങ്ങി; പണം എങ്ങനെ വീണ്ടെടുക്കും?
ഞാനും എന്റെ സുഹൃത്തും കൂടി 50:50 പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥയില്‍ ഷാര്‍ജയില്‍ ഒരു ഹോട്ടല്‍ തുടങ്ങി. എനിക്ക് സര്‍ക്കാര്‍ ജോലി ആയതിനാല്‍ സുഹൃത്താണ് ഹോട്ടല്‍ മാനേജ് ചെയ്തിരുന്നത്. ഏതാനും മാസങ്ങള്‍ ലാഭകരമായി ഹോട്ടല്‍ പ്രവര്‍ത്തിച്ചെങ്കിലും ക്രമേണ ഹോട്ടല്‍ നഷ്ടം കൂടിക്കൂടി വരുകയും ചെയ്തു. സുഹൃത്ത് തന്ന കണക്കുകള്‍ പ്രകാരമാണ് ഹോട്ടല്‍ നഷ്ടത്തിലാണെന്ന കാര്യം മനസ്സിലായത്. വീണ്ടും കൂടുതല്‍ പണം എനിക്ക് ഹോട്ടലിലേക്ക് നിക്ഷേപിക്കേണ്ടിവന്നു.
ഇതിനിടക്ക് എന്റെ അറിവില്ലാതെ ഹോട്ടല്‍ ഉപകരണങ്ങള്‍ മുഴുവന്‍ മറ്റൊരാള്‍ക്ക് വില്‍ക്കുകയും ആ പണവുമായി അയാള്‍ നാട്ടിലേക്ക് കടക്കുകയുമാണുണ്ടായത്. എനിക്ക് ഭീമമായ നഷ്ടം ഉണ്ടായി. നാട്ടിലെത്തിയ സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എന്റെ ഫോണ്‍ എടുക്കാന്‍ അയാള്‍ തയ്യാറാകുന്നില്ല. നാട്ടില്‍ അയാള്‍ റീയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യുന്നതായാണ് അറിയുന്നത്.എനിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ? ഞാന്‍ കൊല്ലം ജില്ലക്കാരനും സുഹൃത്ത് പാലക്കാട് ജില്ലക്കാരനുമാണ്.
മുഹമ്മദ് കാസ്സിം, ഷാര്‍ജ
ഉത്തരം
ഷാര്‍ജയില്‍ ബിസിനസ്സ് നടത്തി വഞ്ചിച്ച് നാട്ടിലേക്ക് മുങ്ങിയ കൂട്ടുകാരനില്‍ നിന്നും പണം ഈടാക്കുന്നത് ദുഷ്‌കരമാണെങ്കിലും തീരെ അസാദ്ധ്യമല്ല. 50:50 പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ്സ് തുടങ്ങിയിട്ട് അതിന്റെ ഒരു ഘട്ടത്തില്‍ ഹോട്ടല്‍ ഉപകരണങ്ങള്‍ വിറ്റുകിട്ടിയ തുകയുമായി മുങ്ങിയ നിങ്ങളുടെ സുഹൃത്ത് വലിയ ചതിയാണ് കാണിച്ചത്.
സുഹൃത്തില്‍ നിന്നും പണം ഈടാക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ സങ്കീര്‍ണ്ണമായ ഒന്നാണ്. പാര്‍ട്ട്ണര്ഷിപ്പ് വ്യവസ്ഥകള്‍ ലംഘിച്ചതിനും ധനാപഹരണം നടത്തിയതിനും ആദ്യം ഷാര്‍ജയിലെ കോടതിയില്‍ നിന്നും അനുകൂലമായ ഒരു വിധി നേടിയെടുക്കുകയാണ് വേണ്ടത്. ഇതിനുവേണ്ടി ഷാര്‍ജയിലെ ഒരു അഭിഭാഷകന്റെ സേവനം തേടേണ്ടതാണ്.
പാര്‍ട്ണര്ഷിപ്പ് കരാര്‍, പണം കൈമാറിയ രേഖകള്‍ മുതലായ തെളിവുകള്‍ അനുകൂലമായ വിധി കിട്ടാന്‍ ആവശ്യമായി വരും. ഷാര്‍ജ കോടതിയില്‍ നിന്നും അനുകൂലമായ വിധി കിട്ടിയാല്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ സര്‍ട്ടിഫൈഡ് കോപ്പി സഹിതം പ്രതിയുടെ താമസസ്ഥലമായ പാലക്കാട് ജില്ലാ കോടതിവഴി നടപ്പിലാക്കുകയാണ് വേണ്ടത്.
ഡിക്രി പുറപ്പെടുവിച്ച ഷാര്‍ജ കോടതി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമായ കോടതി ആയിരിക്കണമെന്നും കേസിന്റെ സമഗ്രതയിലേക്ക് കോടതി കടന്നിട്ടുണ്ടെന്നും സ്വാഭാവികനീതി (natural justice) ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സ്ഥാപിക്കേണ്ടതാണ്.
ഇന്ത്യയും യു.എ.ഇ ഉള്‍പ്പെടെയുള്ള ചില വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന കോടതികള്‍ പുറപ്പെടുവിക്കുന്ന പണവുമായി ബന്ധപ്പെട്ട വിധിന്യായങ്ങള്‍ സിവില്‍ നടപടിക്രമം,1908 സെക്ഷന്‍ 44A അനുസരിച്ച് പരസ്പരം അംഗീകരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇന്‍ഡ്യയിലെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും ഇത് അംഗീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട തുക തിരിച്ചുകിട്ടാനുള്ള സാധ്യത ഉണ്ട്.
അഡ്വ. മുരളീധരന്‍. ആര്‍
+919562916653
info@nrklegal.com
www.nrklegal.com
content highlights : Partner sinks with money from hotel sale in Sharjah; How will the money be recovered?