ന്യൂദല്‍ഹി: ബാലനീതി ഭേതഗതിബില്‍ രാജ്യസഭ പാസാക്കി. നാല് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. പുതിയ ഭേദഗതികള്‍ അനുസരിച്ച് എല്ലാ ജില്ലകളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പ്രത്യേകം പോലീസ് ഓഫീസര്‍മാരെയും നിയമിക്കും. പ്രതികളുടെ മാനസിക നില പരിശോധിക്കും. ഗുരുതരമായ കുറ്റങ്ങള്‍ക്ക് ഏഴുവര്‍ഷം വരെ ശിക്ഷയും ചെറുകുറ്റകൃത്യങ്ങള്‍ക്ക് 4 വര്‍ഷം തടവും നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
അതേ സമയം ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതോടെ സിപിഐഎം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കോണ്‍ഗ്രസും തൃണമൂലും ബില്ലിനെ പിന്തുണച്ചു. ബില്ലിന് മുന്‍കാല പ്രാബല്യം ഉണ്ടാവുകയില്ല.
ബില്‍ ഭേതഗതി ചെയ്യുന്നത് സംബന്ധിച്ച് രാജ്യസഭയില്‍ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. വൈകാരികമായ തീരുമാനങ്ങള്‍ക്കനുസരിച്ച് നിയമം നിര്‍മാണം നടത്തരുതെന്ന് സി.പി.ഐ.എം നേതാവ് സീതാറം യെച്ചൂരി പറഞ്ഞു. 16 വയസുള്ള കുട്ടിയെ മുതിര്‍ന്നവരെ പോലെ കണക്കാനാവില്ലെന്നും ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ബാല കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത്. നിയമം നിര്‍മിക്കുന്നതില്‍ ഉപരിയായി ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ്ശര്‍മ പറഞ്ഞു. ബില്‍ സെലക്ട്കമ്മിറ്റിക്ക് വിടണമെന്ന് യു.പി.എ സര്‍ക്കാരിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന രേണുക ചൗധരിയും പറഞ്ഞു.
ബില്ല് ഭേതഗതി ചെയ്യുന്നതിനെ എതിര്‍ത്ത് കൊണ്ട് എന്‍.സി.പി, ഡി.എം.കെ എന്നീ കക്ഷികളും മുന്നോട്ട് വന്നിരുന്നു. ബില്‍ പാസാക്കുന്നതിന് മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഡി.എം.കെ എം.പി എം.കെ കനിമൊഴി പാര്‍ലമെന്റില്‍ പറഞ്ഞു.
ബലാത്സംഗം പോലുള്ള കേസുകളില്‍ പിടിക്കപ്പെടുന്ന 16 വയസ്സിന് മുകളിലുള്ള കുറ്റവാളികളെ പ്രായപൂര്‍ത്തിയായവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. മേനകഗാന്ധിയാണ് രാജ്യസഭയില്‍ ബില്‍ സമര്‍പ്പിച്ചിരുന്നത്. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു.
ബില്ലിനെതിരെ കടുത്ത എതിര്‍പ്പുകളാണ് ഉയരുന്നത്. “നിര്‍ഭയ” സംഭവത്തിന് ശേഷം രൂപീകരിച്ച ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മീഷന്‍ ബില്‍ ഭേതഗതി ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു. 16 വയസ്സിന് മുകളിലുള്ളവരെ പ്രായപൂര്‍ത്തിയായവരായി പരിഗണിച്ച് വിചാരണ ചെയ്യുന്നത് തെറ്റാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു.