പങ്കാളിത്ത പെന്‍ഷന്‍: ഉത്തരവ് പിന്‍വലിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
Kerala
പങ്കാളിത്ത പെന്‍ഷന്‍: ഉത്തരവ് പിന്‍വലിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th August 2012, 1:44 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ഇതേ തുടര്‍ന്ന് ഇടത് സര്‍വീസ് സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. []

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടത് സംഘടനകള്‍ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവിലുള്ള ജീവനക്കാരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 13 മുതല്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് പ്രഖ്യാപിച്ച ഇടതുസര്‍ക്കാരിന്റെ നടപടിയുടെ തുടര്‍ച്ചയാണിതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നതെല്ലാം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന്‌ മുന്‍മന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. സര്‍വകലാശാല ജീവനക്കാര്‍ക്ക് താന്‍ കൊണ്ടുവന്ന പെന്‍ഷന്‍ ഫണ്ടിനെ പങ്കാളിത്ത പെന്‍ഷനായി മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ വാദങ്ങള്‍ ഉപധനാഭ്യാര്‍ഥയില്‍ തന്നെ പരാജയപ്പെടുത്തിയതാണെന്നും ഐസക് വ്യക്തമാക്കിയിരുന്നു.