| Tuesday, 21st August 2012, 10:22 am

പങ്കാളിത്ത പെന്‍ഷന്‍: അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുളള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് തുടങ്ങി.[]

ഇടതുപക്ഷ സര്‍വീസ് സംഘടനകളും ബി.ജെ.പി അനുകൂല സംഘടനകളുമാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. വൈദ്യുതി ബോര്‍ഡിലും ഇടതുസംഘടനകള്‍ പണിമുടക്കുന്നുണ്ട്.

പണിമുടക്ക് കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി ഉള്‍പ്പെടെയുളള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം ആറ്റിങ്ങലില്‍ രാവിലെ ജോലിക്കെത്തിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പോലീസ് ഇടപെട്ട് ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം നല്‍കിയതോടെ സര്‍വീസുകള്‍ ആരംഭിച്ചു.

ജോലിക്കെത്തുന്നവരെ തടയുന്നവരെ കര്‍ശനമായി നേരിടാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നതിനെതിരെയുള്ള എല്ലാ വകുപ്പുകളും ചുമത്തി കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു.

സമരം ചെയ്യാനുള്ള അവകാശം സര്‍ക്കാര്‍ നിഷേധിക്കുന്നില്ല. എന്നാല്‍ സമാധാനപരമായി ജോലിക്ക് ഹാജരാകുന്ന ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസമുണ്ടാകുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

ജോലിക്കെത്തുന്നവരെ തടഞ്ഞാല്‍ കൃത്യനിര്‍വഹണം തടഞ്ഞുവെന്ന് കണക്കാക്കി കേസ് എടുത്ത് നടപടി സ്വീകരിക്കും. സെക്രട്ടേറിയറ്റിലും ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മോണിറ്ററിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കും.

ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, അഡീഷണല്‍ ഡി.ജി.പി(ഇന്റലിജന്റ്‌സ്) എന്നിവര്‍ മോണിറ്ററിങ് കമ്മിറ്റിയംഗങ്ങളാണ്. ജില്ലാതലത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

അതേസമയം പണിമുടക്കിനെതിരെയുള്ള മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭീഷണി ജീവനക്കാര്‍ മുഖവിലയ്‌ക്കെടുക്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് ഗവ. എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ചെയര്‍മാന്‍ എം. ഷാജഹാന്‍ അറിയിച്ചു. പതിനേഴിന് പണിമുടക്ക് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഭരണപക്ഷ സംഘടനകള്‍ 21നു പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ യോജിച്ച സമരം ലക്ഷ്യമിട്ട് മറ്റ് സംഘടനകളും 21ലേക്കു പണിമുടക്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more