| Friday, 11th January 2013, 9:53 am

പങ്കാളിത്ത പെന്‍ഷന്‍: ചര്‍ച്ച പരാജയം, സമരം നാലാം ദിവസത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന സമരം നാലാം ദിവസത്തില്‍. []

ജീവനക്കാരുമായി ധനമന്ത്രി കെ എം മാണി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഞായറാഴ്ച മുഖ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് കെ എം മാണി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ജീവനക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സംഘടനകള്‍ മുന്നോട്ടുവന്നാല്‍ അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ മാണിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സര്‍വീസ് സംഘടനാ നേതാക്കള്‍ മാണിയുമായി വ്യാഴാഴ്ച രാത്രി രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച മുഖ്യമന്ത്രിയുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തുമെന്ന് മാണി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇത് നിഷേധിച്ചു.

ചര്‍ച്ചക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും 13ന് ചര്‍ച്ച നടത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് രാത്രി വൈകി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറഞ്ഞു.

ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങള്‍ മുഖ്യമന്ത്രിയില്‍നിന്ന് അറിയണമെന്ന് ഇടതു  പ്രതിനിധികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എന്ന് ഉണ്ടാകുമെന്ന് യാത്രയിലുള്ള മുഖ്യമന്ത്രിയോട് ധനമന്ത്രി  അന്വേഷിച്ചു. 13, 15 തീയതികളില്‍ താനുണ്ടാകുമെന്ന് ധനമന്ത്രിയെ അറിയിച്ചു. അന്ന് ഇടതു ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് ആവശ്യമെങ്കില്‍ തന്നെ  വന്നുകാണാമെന്നാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ മാസം മുതല്‍ നടപ്പാക്കുമെന്നും ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാല്‍ തുറന്ന് മനസോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കെ.എം മാണി പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.

അതേസമയം സമരത്തില്‍ നിന്ന് പിന്‍മാറി ബി.ജെ.പി അനുകൂലസംഘടനയായ ഫെറ്റോ തീരുമാനിച്ചു. ഫെറ്റോയുടെ കീഴിലുള്ള 15 സര്‍വ്വീസ് സംഘടനകളാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. മിനിമം പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്്തമാക്കി.

സമരത്തില്‍ പങ്കെടുത്ത 65 പ്രധാന അധ്യാപകരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം സമരം ഏറ്റെടുക്കാനും വിജയിപ്പിക്കാന്‍ ഇടപെടാനും എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്‌ഐ അനിശ്ചിതകാല പഠിപ്പ് മുടക്കലിന് ആഹ്വാനം ചെയ്തു.

എന്നാല്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ എതിരല്ലെന്നും ഇങ്ങോട്ട് വന്നാല്‍ ആരുമായും ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും. ഉത്തരവാദപ്പെട്ട തസ്തികയില്‍ ഇരിക്കുന്ന ജീവനക്കാര്‍ പണിമുടക്ക് സമയത്ത് അവധി എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ തിരിച്ചുവരില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more