തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകളും വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പങ്കാളിത്ത പെന്‍ഷനെ എതിര്‍ത്ത് നാളെ വിവിധ സംഘടനകള്‍ നടത്താനിരിക്കുന്ന പണിമുടക്ക് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു വിഭാഗം സമരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. മറ്റുള്ളവരും സമരത്തില്‍ നിന്നും പിന്മാറി സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[]
പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഇനിയും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ ഇനിയും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. 2013 ഏപ്രില്‍ 13 മുതല്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് പ്രഖ്യാപിച്ച ഇടതുസര്‍ക്കാരിന്റെ നടപടിയുടെ തുടര്‍ച്ചയാണിതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നതെല്ലാം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുന്‍മന്ത്രി തോമസ് ഐസക് നേരത്തേ പ്രതികരിച്ചിരുന്നു. സര്‍വകലാശാല ജീവനക്കാര്‍ക്ക് താന്‍ കൊണ്ടുവന്ന പെന്‍ഷന്‍ ഫണ്ടിനെ പങ്കാളിത്ത പെന്‍ഷനായി മുഖ്യമന്ത്രി തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ വാദങ്ങള്‍ ഉപധനാഭ്യാര്‍ഥയില്‍ തന്നെ പരാജയപ്പെടുത്തിയതാണെന്നും ഐസക് വ്യക്തമാക്കിയിരുന്നു.