| Saturday, 12th January 2013, 12:40 am

പങ്കാളിത്ത പെന്‍ഷന്‍: പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്, സമരത്തില്‍ കല്ലേറും കരിയോയിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടതുപക്ഷ സര്‍വീസ് സംഘടനകളും അധ്യാപകരും നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വ്യാപകമായ അക്രമമാണ് സംസ്ഥാനത്തുടനീളം കണ്ടുവന്നത്.[]

തലസ്ഥാനത്ത് പണിമുടക്കിയ അധ്യാപകരും ജീവനക്കാരും സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംസ്ഥാനത്താകെ പ്രകടനം നടത്തി.

പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി എസ്.എഫ്.ഐ നേതൃത്വത്തില്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് ആരംഭിച്ചതോടെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.

പൊലീസ് കാവലില്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കരിനിയമങ്ങളും മര്‍ദനമുറകളും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ശ്രമം.

ഗസറ്റഡ് ഓഫീസര്‍മാരടക്കം നിരവധി ജീവനക്കാരെ വെള്ളിയാഴ്ച സ്ഥലംമാറ്റി. ഒട്ടേറെപ്പേരെ സസ്‌പെന്‍ഡ് ചെയ്തു. കെജിഒഎ പ്രവര്‍ത്തകന്‍ അരവിന്ദിനെയും ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ എസ് പ്രസന്നന്‍, കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ബേബി കാസ്‌ട്രോ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.

ഷമ്മി കബീറിനെ നിലമ്പൂരിലേക്ക് സ്ഥലംമാറ്റി. തിരുവനന്തപുരം കലക്ടറേറ്റിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളായ റവന്യൂ ഇന്‍സ്‌പെക്ടര്‍ എസ് ചന്ദ്രന്‍, ജൂനിയര്‍ സൂപ്രണ്ട് ജി കെ സുരേഷ്‌കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സെക്രട്ടറിയറ്റ് മാര്‍ച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, വി ഗംഗാധരന്‍നാടാര്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

അഞ്ച് കോര്‍പറേഷന്‍ അടക്കം 60 നഗരസഭാ ഓഫീസുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചതായി കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിഎസ്സി ചൊവ്വാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചകള്‍ മാറ്റി. മുഖ്യമന്ത്രി ക്ഷണിച്ചാലേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം അടൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരുന്ന 4 ജീവനക്കാരുടെ ദേഹത്ത് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ കരി ഓയില്‍  ഒഴിച്ചതായി ആരോപിച്ചു.

കൊല്ലം കടയ്ക്കല്‍ ഗവ. വിഎച്ച്എസ്എസില്‍ ജോലിക്കു കയറിയ അധ്യാപകനെ മര്‍ദിച്ചു. പരവൂര്‍ കോട്ടപ്പുറം ഹൈസ്‌കൂളില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ള അധ്യാപികമാര്‍ക്കു നേരെ കല്ലേറു നടത്തി. ശാസ്താംകോട്ടയില്‍ കല്ലട പദ്ധതി ഓഫിസിലെ വനിതാ ഓവര്‍സിയറുടെ ദേഹത്തു ചാണകവെള്ളം ഒഴിച്ചു.

കോട്ടയം തോട്ടയ്ക്കാട് വില്ലേജ് ഓഫിസില്‍ ജീവനക്കാര്‍ക്കു നേരെ ചീമുട്ടയെറിഞ്ഞു. മെഡിക്കല്‍ കോളജില്‍ ഒരു ജീവനക്കാരിയെ മര്‍ദിച്ചു.

തൃശൂര്‍ കുറ്റൂര്‍ ചന്ദ്രാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നായ്ക്കുരണപൊടി വിതറിയതിനെ തുടര്‍ന്ന് 15 കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സമരാനുകൂലികളാണ് ഇത് ചെയ്തതെന്ന് ധാരണയില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി.

എന്നാല്‍ ടി.സി. നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പൂര്‍വവിദ്യാര്‍ഥികളാണ് ബഞ്ചും ഡസ്‌കും തകര്‍ത്ത് നായ്ക്കുരണപ്പൊടി വിതറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് തവളക്കുളം ഭാഗത്തുള്ള മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് കേസ് എടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് പബഌക്ക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സ നല്‍കി.

തൃശൂര്‍ ഏറിയാട് കൃഷി ഓഫിസില്‍ ജോലിക്കെത്തിയ വനിതാ കൃഷി ഓഫിസറുടെ സ്‌കൂട്ടറിന്റെ സീറ്റ് കുത്തിക്കീറി. പാലക്കാട്  പട്ടാമ്പി കൊപ്പം എടപ്പലം പിടിഎംവൈ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ജനലും വാതിലുകളും തകര്‍ത്തു.

കോഴിക്കോട് ജില്ലയില്‍ കലക്ടറേറ്റ്, ചാലപ്പുറം അച്യുതന്‍ ഗേള്‍സ് എല്‍പി സ്‌കൂള്‍,  കല്ലാച്ചി ഗവ. യുപി സ്‌കൂള്‍, ഈസ്റ്റ് ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരെയും അധ്യാപകരെയും ആക്രമിച്ചു.

സമരം വിജയിപ്പിക്കാന്‍ എസ്.എഫ്.ഐ ഇന്നലെ മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് തുടങ്ങി.

അതേസമയം ഇന്നലെ ഹാജര്‍നില കൂടുതല്‍ മെച്ചപ്പെട്ടതായാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ 74.31 ശതമാനം ജീവനക്കാര്‍ ജോലിക്ക് കയറി.

ഇന്നലെ ജോലിക്ക് എത്താതിരുന്നാല്‍ മൂന്നുദിവസത്തെ ശമ്പളം നഷ്ടപ്പെടുമെന്നതുകൊണ്ടു പലേടത്തും ജീവനക്കാര്‍ ജോലിക്ക് എത്തിയിരുന്നു. ഓരോദിവസം കഴിയുന്തോറും ഹാജര്‍ നില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

കഴിഞ്ഞ നാലുദിവസത്തിനിടയില്‍ ഹാജര്‍നിലയില്‍ 12.3 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്. സെക്രട്ടേറിയറ്റില്‍ ഇന്നലെ 74.63 ശതമാനം പേര്‍ ജോലിക്ക് എത്തി. പണിയെടുക്കാന്‍ എത്തുന്നവരെ തടഞ്ഞാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനില്‍ക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more