| Friday, 30th April 2021, 7:58 pm

വോട്ടെണ്ണലിന് മുന്‍പ് ഭാഗിക ലോക്ക്ഡൗണിലേക്ക് കടന്ന് ബംഗാള്‍; എല്ലാ കൂടിച്ചേരലുകള്‍ക്കും അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. ഷോപ്പിംഗ് കോംപ്ലെക്‌സുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമാ തിയേററ്ററുകള്‍, സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങള്‍, സ്പാ എന്നിവ അടച്ചിടും.

മാര്‍ക്കറ്റുകള്‍ അഞ്ച് മണിക്കൂര്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. രാവിലെ ഏഴ് മണി മുതല്‍ 10 മണി വരെയും രാത്രി 3 മണി മുതല്‍ 5 മണി വരെയുമായിരിക്കും പ്രവര്‍ത്തിക്കാന്‍ സമയം അനുവദിക്കുക.

റെസ്റ്റോറന്റുകള്‍, ബാറുകള്‍, ജിം, സ്വിമ്മിംഗ് പൂള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഹോം ഡെലിവറികള്‍ക്കും ഓണ്‍ലൈന്‍ ഡെലിവറികള്‍ക്കും തടസ്സമുണ്ടാകില്ലെന്നും എന്നാല്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ തരം കൂടിച്ചേരലുകള്‍ക്കും ബംഗാള്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ – സാംസ്‌കാരിക പരിപാടികളോ വിനോദ പരിപാടികളോ സെമിനാര്‍ പോലെയുള്ള വിദ്യാഭ്യാസ അനുബന്ധ പരിപാടികളോ അനുവദിക്കുന്നതല്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. അടുത്ത ഉത്തരവ് വരന്നതുവരെ ഈ വിലക്കുകള്‍ തുടരുമെന്നും ഉത്തരവിലുണ്ട്.

ഫാര്‍മസികള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമായിരിക്കില്ല. ഇവര്‍ക്ക് മുന്‍പത്തേത് പോലെ തുറന്നു പ്രവര്‍ത്തിക്കാനാകും. എന്നാല്‍ കടകളില്‍ തിരക്കുണ്ടാകരുതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചിരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എട്ട് ഘട്ടങ്ങളിലായി നടന്ന ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് രണ്ടിനാണ്. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു.

ബംഗാളില്‍ കഴിഞ്ഞ ദിവസം ഏറ്റവും കൂടിയ പ്രതിദിന മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. 89 പേരാണ് 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങള്‍ 11,248ലെത്തി. 17,403 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Partial lockdown in West Bengal

We use cookies to give you the best possible experience. Learn more