നവംബര്‍ 22നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ആരംഭമാകുന്നത്. ഇതോടെ ഇന്ത്യയുടെ സ്‌ക്വാഡും ബി.സി.സി.ഐ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 18 അംഗങ്ങളുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മൂന്ന് ട്രാവലിങ് റിസര്‍വ് താരങ്ങളേയുമാണ് ബോര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ സ്പിന്‍ ബൗളിങ്ങിന് കൂടുതല്‍ പ്രാധന്യം കൊടുത്തുകൊണ്ട് തന്നെയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന സ്‌ക്വാഡില്‍ പ്രധാനപ്പെട്ട രണ്ട് താരങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേലും ആകാശ് ചോപ്രയും. ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് സ്റ്റാര്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനേയും ഒഴിവാക്കിയതിനെക്കുറിച്ചാണ് ഇരുവരും ചോദ്യമുന്നയിച്ചത്.
‘പൂനെയില്‍ നടന്ന ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ തമിഴ്‌നാട് സ്പിന്നറെ അല്ല, കുല്‍ദീപ് യാദവിനെയും പട്ടേലിനെയുമാണ് കൊണ്ടുപോകേണ്ടത്.
കുല്‍ദീപും അക്‌സര്‍ പട്ടേലും അവരുടെ പ്രകടനം തെളിയിച്ചതാണ്. ആ രണ്ടുപേരുകളും ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി,’ പാത്ഥിവ് പട്ടേല്‍ ജിയോസിനിമയില്‍ പറഞ്ഞു.
കുല്‍ദീപ് യാദവ് ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നും ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും അവന് ടീമിനോടൊപ്പം ചേരാമെന്നും ആകാശ് ചോപ്രയും പറഞ്ഞു.
‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ കുല്‍ദീപ് ഉണ്ട്. മൂന്നാം മത്സരത്തിലും ടീമിനൊപ്പം തുടരും. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് അതിനര്‍ത്ഥം. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം അവര്‍ക്ക് അദ്ദേഹത്തെ ചികിത്സിക്കാമായിരുന്നു.
പക്ഷേ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് വാഷിങ്ടണ്‍ സുന്ദറിനെയാണ്. അക്‌സര്‍ പട്ടേലാണ് മറ്റൊരു ശ്രദ്ധേയനായ മറ്റൊരു താരം. ഇന്ത്യയ്ക്ക് ഒരു അധിക സ്പിന്നറെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാമായിരുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.