|

വിദേശ പരിശീലകരെ ആവശ്യമില്ല, ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ പരിശീലകര്‍ തന്നെ വേണം; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ഐ.പി.എല്‍ മാമാങ്കം അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ഫ്രാഞ്ചൈസികളാണ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു.

എന്നാല്‍ ആദ്യ എലിമിനേറ്ററില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി. ഇനി ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫൈറില്‍ സണ്‍ റൈസേഴ്‌സ് ഹൈദാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിക്കുന്നവരുമായി ഫൈനലില്‍ കൊല്‍ക്കത്ത ഏറ്റുമുട്ടുകയും ചെയ്യും.

ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ലോകമെമ്പാടുംമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ടി-20 ലോകകപ്പാണ്. എന്നാല്‍ ജൂലൈ ഒന്നിന് ശേഷം 2027 ഡിസംബര്‍ വരെ ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു ഹെഡ് കോച്ചിനെ ലഭ്യമായിട്ടില്ല. നിലവില്‍ ടീമിനെ നയിക്കുന്നത് രാഹുല്‍ ദ്രാവിഡാണ്.

എന്നാല്‍ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യ വിദേശീയരെയും തേടുന്നുണ്ട് എന്നതിന് ഉദാഹരണമാണ് സ്റ്റീഫന്‍ ഫ്‌ളെമ്മിങ്ങും റിക്കിപ്പോണ്ടിങ്ങും. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേല്‍ ഇന്ത്യക്ക് സ്വന്തം നാട്ടില്‍ മികച്ച പരിശീലകരുണ്ടെന്നും അതിനായി പുറത്ത് നിന്നവരെ അന്വേഷിക്കണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.

‘എന്‍.സി.എയില്‍ നിന്ന് ധാരാളം പരിശീലകര്‍ ടീം ഇന്ത്യയിലേക്ക് ചേക്കേറിയിട്ടുണ്ട്. വിദേശ പരിശീലകരെ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ കരുതുന്നു,’ പാര്‍ഥീവ് പട്ടേല്‍ പി.ടി.ഐയോട് പറഞ്ഞു.

മധ്യപ്രദേശിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ച ചന്ദ്രകാന്ത് പണ്ഡിറ്റിനെ കുറിച്ചും പട്ടേല്‍ സംസാരിച്ചു. അദ്ദേഹം നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലകനാണ്, ഫ്രാഞ്ചൈസി ഐ.പി.എല്‍ 2024ല്‍ ഫൈനലില്‍ ഇടം നേടി.

‘ഞങ്ങള്‍ക്ക് ഇന്ത്യയില്‍ നിരവധി യോഗ്യതയുള്ള പരിശീലകരുണ്ട്. സ്ഥിരതയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അണ്ടര്‍ 19 ലോകകപ്പ് നേടുന്നത്. ചന്ദ്രകാന്ത് പണ്ഡിറ്റ് ഒരു വലിയ ഉദാഹരണമാണ്. സിസ്റ്റത്തില്‍ അത്തരം പേരുകള്‍ ഉള്ളപ്പോള്‍, നിങ്ങള്‍ പുറത്തേക്ക് നോക്കേണ്ടതില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Parthiv Patel Talking About Indian Head Coach Selection

Video Stories