|

അവന്‍ സ്വാര്‍ത്ഥനായ ക്യാപ്റ്റനാണ്; ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണാതെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയായിരുന്നു. ഇതോടെ മോശം പ്രകടനത്തിന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും സംഘത്തിനും വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശേഷം ടീമില്‍ ഐക്യമില്ലായിരുന്നു എന്ന് പാക് താരങ്ങള്‍ പറഞ്ഞിരുന്നു.

ടി-20 ലോകകപ്പിന് മുന്നോടിയായി ഷഹീന്‍ അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റന്‍ റോളില്‍ എത്തിക്കുകയായിരുന്നു പാകിസ്ഥാന്‍. ശേഷം ലോകകപ്പില്‍ അസോസിയേറ്റ് ടീമായ അമേരിക്കയോട് വരെ പാകിസ്ഥാന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.

ഇപ്പോള്‍ പാകിസ്ഥാന്‍ ക്യാപ്റ്റനെ സ്വാര്‍ത്ഥനെന്ന് വിളിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥീവ് പട്ടേല്‍. ഓപ്പണറായി കളിക്കാന്‍ ബാബറിന് കൂടുതല്‍ താത്പര്യമുള്ളതിനാല്‍ ഫഖര്‍ സമന് ഓര്‍ഡറില്‍ താഴെയായി ബാറ്റ് ചെയ്യേണ്ടി വന്നതായി പാര്‍ത്ഥീവ് പറഞ്ഞു.

‘ക്യാപ്റ്റന്‍ ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ ഫഖറിനെ തരംതാഴ്ത്തി. സ്വാര്‍ത്ഥനായ ക്യാപ്റ്റനുള്ളപ്പോള്‍ ഒരു അവസരവുണ്ടാകില്ല,’പാര്‍ത്ഥീവ് പറഞ്ഞു.

വസീം അക്രവും വഖാര്‍ യൂനിസും മറ്റുള്ളവരും ഈ വിഷയം ഉയര്‍ത്തിക്കാട്ടിയതും ബാബറിനെ വിമര്‍ശിച്ചതും പാര്‍ത്ഥീവ് കൂട്ടിച്ചേര്‍ത്തു. ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റില്‍ മികച്ച കളിക്കാരുടെ അഭാവമാണ് പാകിസ്ഥാനെന്നും വിനയായിട്ടുള്ളതെന്നും താരം ആരോപിച്ചു.

‘ടി-20 ഫോര്‍മാറ്റില്‍ അവര്‍ക്ക് നല്ല കളിക്കാരില്ല. ബാറ്റര്‍മാര്‍ 150-160 സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോഴും 120-ല്‍ തന്നെയാണ്. അവര്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്ക് പിന്നിലാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Parthiv Patel Talking About Babar Azam

Video Stories