വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യ തോറ്റിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-2നായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ രണ്ട് മത്സരത്തിലേ തോല്‍വിക്ക് ശേഷം മൂന്നും നാലും മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസ് ഇന്ത്യയെ ഔട്ട്‌പ്ലേ ചെയ്യുകയായിരുന്നു.
അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ 61 റണ്‍സിന്റെ ബലത്തില്‍ 165 റണ്‍സ് നേടിയിരുന്നു. 166 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ വിന്‍ഡീസ് മത്സരം നിസാരമായി കൈക്കലാക്കുകയായിരുന്നു. വിന്‍ഡീസിനായി ബ്രാണ്‍ഡണ്‍ കിങ് 85 റണ്‍സും നിക്കോളസ് പൂരന്‍ 47 റണ്‍സും നേടി. എട്ട് വിക്കറ്റിനായിരുന്നു വിന്‍ഡീസ് വിജയം.
മൂന്ന് മത്സങ്ങളില്‍ ബാറ്റിങ് ലഭിച്ച മലയാളി താരം സഞ്ജു സാംസണ് പരമ്പരയില്‍ മികച്ച ഒരു പ്രകടനം പോലും കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. അവസാന മത്സരത്തിലെ സഞ്ജുവിന്റെ പരാജയത്തിന് പിന്നാലെ താരത്തിന് ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇനിയും അദ്ദേഹത്തിന് അവസരം കൊടുക്കരുതെന്നായിരുന്നു ആരാധകരുടെ പരിഹാസം. ഇപ്പോഴിതാ സഞ്ജുവിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ പാര്‍ഥീവ് പട്ടേല്‍.
സഞ്ജുവിന്റെ പ്രകടനത്തില്‍ നിരാശയുണ്ടെന്നും, സൂര്യകുമാറിന്റെ സ്ഥിരത അപാരമാണെന്നും സഞ്ജു ഇത്തരത്തിലുള്ള അവസരങ്ങള്‍ മുതലാക്കണമായിരുന്നുവെന്നും പാര്‍ഥീവ് പറഞ്ഞു.
തിലക് വര്‍മ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ സമയം കണ്ടെത്തിയിരുന്നു. അവന്‍ നന്നായി സെറ്റില്‍ഡ് ആണെന്നും ഇന്ന് ഒരു മികച്ച അവസരമുണ്ടെന്നും ഞാന്‍ കരുതി. മികച്ച പ്രകടനം കാഴ്ചവെക്കാനും ടീമിനായി ഷോ അപ്പ് ചെയ്യാനുമുള്ള മികച്ച അവസരമായിരുന്നു ഇത്. എന്നാല്‍ സഞ്ജുവിന് അത് മുതലാക്കാന്‍ സാധിച്ചില്ല.
സൂര്യകുമാര്‍ യാദവ് പരമ്പരയിലുടനീളം ചെയ്തത് തന്നെയാണ് അവസാന മത്സരത്തിലും ചെയ്തത്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹം മിസ്റ്റര്‍ കോണ്‍സിറ്റന്റാണ്. ടി-20 ഫോര്‍മാറ്റില്‍ സ്ഥിരത പുലര്‍ത്തുന്നതും ഇത്തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്നതും വളരെ ബുദ്ധിമുട്ടാണ്, പക്ഷേ സൂര്യകുമാര്‍ യാദവ് അത് വീണ്ടും വീണ്ടും ചെയ്യുന്നു,’ പാര്‍ഥീവ് പട്ടേല്‍ പറയുന്നു.
2016ന് ശേഷം ആദ്യമായാണ് ഇന്ത്യ വിന്‍ഡീസിനെതിരെ ഒരു ട്വന്റി-20 പരമ്പര തോല്‍ക്കുന്നത്. അടുത്തതായി അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുന്നത് രണ്ടാം നിര ടീമായിരിക്കും.
Content Highlight: Parthiv Patel Says Sanju Samson should have been shown up and performed in last games against west indies