ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിലും ഇന്ത്യന്‍ ടീം തോറ്റിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് പുറകിലാണ്. ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യയുടെ അപ്രോച്ചിന് ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിക്കാറുണ്ട്. പ്രതിഭകളുടെ ധാരാളിത്തം ടീമിലുണ്ടെങ്കിലും ഭൂരിപക്ഷം താരങ്ങള്‍ക്കും അവസരത്തിനൊത്തുയരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് ആക്ഷേപം.
എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന പ്രശ്‌നം കോച്ച് രാഹുല്‍ ദ്രാവിഡാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥീവ് പട്ടേല്‍. ദ്രാവിഡ് ഒരു പ്രോ ആക്ടീവ് കോച്ചോ, വ്യക്തിയോ അല്ലെന്നും ടി-20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ പ്രോ ആക്ടീവായ ഒരാളെയാണ് ടീമിന് ആവശ്യമെന്നും പാര്‍ഥിവ് പറഞ്ഞു.
‘ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ വളരെ ബ്രില്ല്യന്റായ ക്യാപ്റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. അവിടെ അദ്ദേഹത്തിന് കോച്ച് ആശിഷ് നെഹ്‌റയുടെ മികച്ച പിന്തുണയും ലഭിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ടീമില്‍ കോച്ചായി രാഹുല്‍ ദ്രാവിഡാണ് ഹാര്‍ദിക്കിനൊപ്പമുള്ളത്. ദ്രാവിഡ് ഒരു പ്രോ ആക്ടീവ് കോച്ചോ, വ്യക്തിയോ അല്ല.
ടി-20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ പ്രോ ആക്ടീവായ ഒരാളെയാണ് ടീമിന് ആവശ്യം. ദ്രാവിഡിന് അത് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കില്‍ ഒരു ഫയറുണ്ട്. പക്ഷെ അദ്ദേഹത്തിന് പ്രോ ആക്ടീവായി ചിന്തിക്കുന്ന ഒരു കോച്ചിന്റെ പിന്തുണ കൂടി ആവശ്യമാണ്. ദ്രാവിഡിന് അത് നല്‍കാന്‍ കഴിയുന്നില്ല,’ പാര്‍ഥിവ് നിരീക്ഷിച്ചു.
ഇന്ത്യന്‍ ടീമിലെ ദ്രാവിഡിന്റെ പരീക്ഷണങ്ങളും ഒരുപാട് വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. പല താരങ്ങള്‍ക്കും അവര്‍ക്ക് ആവശ്യമായ ബാക്കപ്പ് കൊടുക്കാതെ വീണ്ടും വീണ്ടും മാറ്റി പരീക്ഷണം അദ്ദേഹം നടത്താറുണ്ട്. വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലും അത് കാണാന്‍ സാധിച്ചിരുന്നു. ബാക്കിയുള്ള മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ കൂടി വിജയിച്ചുകൊണ്ട് പരമ്പര നേടാനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുക.
അതേസമയം തിലക് വര്‍മ കാണിച്ച പക്വതയും മികവും മറ്റ് താരങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ ടീമിന്റെ രണ്ട് മത്സരത്തിലെയും തോല്‍വിയുടെ പ്രധാന കാരണം. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 ടാര്‍ഗറ്റ് ചെയ്‌സ് ചെയ്ത ഇന്ത്യ 145ല്‍ ഒതുങ്ങുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ 152 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസ് ഏഴ് പന്ത് ബാക്കി നില്‍ക്കെ ചെയ്‌സ് ചെയ്ത് വിജയിക്കുകയായിരുന്നു.