ആ രണ്ട് ടീമുകള്‍ മെച്ചപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇന്ത്യക്ക് പണികൊടുക്കാന്‍ ഇവര്‍ക്കെ പറ്റൂ; ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികളെ ചൂണ്ടിക്കാട്ടി മുന്‍ താരം
ഈ വര്‍ഷം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിധി.
എന്നാല്‍ ഇത്തവണ രണ്ടും കല്‍പിച്ചാണ് ടീം ഇന്ത്യ ഇറങ്ങാനൊരുങ്ങുന്നത്. യുവ താരങ്ങളെയും, മുതിന്ന താരങ്ങളെയും ഉള്‍പ്പെടുത്തികൊണ്ടാണ് ഇത്തവണ ടീം ഇറക്കുന്നത്. 2007ല്‍ ആദ്യ ട്വന്റി-20 ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യന്‍ ടീമിന് കപ്പുയര്‍ത്താനുള്ള ഭാഗ്യമുണ്ടായിട്ടില്ല.
ഇത്തവണ ഒരുപാട് പ്രതീക്ഷകളുമായെത്തുന്ന ഇന്ത്യന്‍ ടീമിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്ന ടീം നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പാര്‍ത്ഥീവ് പട്ടേല്‍ പറയുന്നത്.
സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ കോണ്‍ഫിഡെന്‍സ് ഓസ്‌ട്രേലിയക്ക് ഉണ്ടാകുമെന്നും ഇന്ത്യക്ക് മികച്ച കോമ്പറ്റീഷന്‍ നല്‍കാന്‍ ഓസീസിന് സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിനാല്‍ ഓസ്ട്രേലിയ ഇന്ത്യക്ക് കടുത്ത മത്സരം നല്‍കിയേക്കും. മാച്ച് വിന്നര്‍മാരും അവര്‍ക്കൊപ്പമുണ്ട്. കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഓസ്ട്രേലിയ ഒരു ശക്തമായ മത്സരാര്‍ത്ഥിയാണ്,’ പാര്‍ത്ഥീവ് പട്ടേല്‍ പറഞ്ഞു.
രോഹിത്തും ദ്രാവിഡും മികച്ച കളിക്കാരെ തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ടീമിനെ കെട്ടിപടുക്കുന്നതില്‍ അവര്‍ക്കാണ് പ്രധാന പങ്കെന്നാണ് പാര്‍ത്ഥീവ് വിശ്വസിക്കുന്നത്.
‘സെലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുക്കുമെങ്കിലും, യഥാര്‍ത്ഥ ഉത്തരവാദിത്തം രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനുമാണ്, കാരണം അവരാണ് അന്തിമ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരങ്ങളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ ലോകകപ്പിലേറ്റ നാണംകെട്ട തോല്‍വിക്ക് പകരം ലോകകപ്പ് ഉയര്‍ത്തികൊണ്ട് തന്നെ തിരിച്ചുവരാനായിരിക്കും ഇന്ത്യ ശ്രമിക്കുക.