ധോണിക്ക് ഡ്രസിങ് റൂമിലിരുന്ന് മത്സരം വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, ആ ഒരു മണ്ടത്തരത്തിലാണ് ഇന്ത്യ തോറ്റത്; പാര്‍ത്ഥീവ് പട്ടേല്‍
ഇന്ത്യന്‍ ടീം എക്കാലത്തും മറക്കാന്‍ ആഗ്രഹിക്കുന്ന കളിയാണ് 2019ലെ ലോകകപ്പ് സെമിഫൈനല്‍ തോല്‍വി. ക്രിക്കറ്റിന് പലസമയത്തും ഒരുപാട് ക്രൂരമാകാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ മത്സരം.
ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യ കാഴ്ചവെച്ചത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് രാജകീയമായി തന്നെ ഇന്ത്യ സെമിയിലേക്കു മുന്നേറുകയും ചെയ്തു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ സെമിഫൈനലില്‍ തോറ്റ് പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി.
ജയിക്കാന്‍ വെറും 240 റണ്‍സ് മതിയായിരുന്നട്ടും ഇന്ത്യക്ക് അതു നേടിയെടുക്കാനായില്ല. ഈ മത്സരത്തില്‍ ഇന്ത്യ റണ്‍ചേസിനിടെ കാണിച്ച വലിയൊരു മണ്ടത്തരം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 239 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റിയിരുന്നു. ടോപ് ഓര്‍ഡറിലെ എല്ലാവരും എളുപ്പം മടങ്ങിയ മത്സരത്തില്‍ നമ്പര്‍ ഫോറില്‍ റിഷബ് പന്തും അഞ്ചാമനായി ദിനേഷ് കാര്‍ത്തിക്കുമായിരുന്നു ഇറങ്ങിയത്.
ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ഇന്ത്യയെ ഒരുപാട് മത്സരങ്ങളില്‍ കരകയറ്റിയിരുന്ന താരമായ ധോണിയെ ആ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യക്കും ശേഷം ഏഴാമതായാണ് ഇറക്കിയത്. ഈ തീരുമാനത്തെയാണ് പാര്‍ത്ഥീവ് മണ്ടത്തരമെന്ന് വിശേഷിപ്പിച്ചത്.
ധോണി ഡ്രസിങ് റൂമിലിരുന്ന് എങ്ങനെ മത്സരം വിജയിപ്പിക്കാനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്. ദിനേഷ് കാര്‍ത്തിക്കിനെ ധോണിക്ക് മുന്നെ ക്രീസിലയച്ചത് മണ്ടത്തരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസ്സിനോട് സംസാരിക്കുകയായിരുന്നു പാര്‍ത്ഥീവ്.
‘2019 ലോകകപ്പ് സെമിയില്‍ ഞങ്ങള്‍ ദിനേഷ് കാര്‍ത്തിക്കിനെ അഞ്ചിലും എം.എസ്. ധോണിയെ ഏഴിലും ബാറ്റ് ചെയ്യാന്‍ അയച്ചു. എം.എസ്. ധോണി ഡ്രെസിങ് റൂമില്‍ നിന്ന് നിങ്ങളെ ജയിപ്പിക്കുമോ എന്ന് എനിക്കറിയില്ല,’ പാര്‍ത്ഥീവ് പറഞ്ഞു.
ഏഴാമനായി ക്രീസിലെത്തിയ ധോണി 77 റണ്‍സെടുത്ത ജഡേജയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 72 പന്തില്‍ 50 റണ്‍സെടുത്ത ധോണി 49ാം ഓവറില്‍ റണ്ണൗട്ടായായിരുന്നു കളം വിട്ടത്.