ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 25 ടെസ്റ്റിലും 36 ഏകദിനത്തിലും ഇന്ത്യക്കായി പാര്‍ത്ഥിവ് പട്ടേല്‍ കളിച്ചിരുന്നു. 2002ല്‍ പതിനേഴാം വയസ്സിലായിരുന്നു പാര്‍ത്ഥിവിന്റെ ടെസ്റ്റ് ടീമിലേക്കുള്ള അരങ്ങേറ്റം. ഇപ്പോള്‍ തന്റെ മുപ്പത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം വിരമിക്കുന്നത്.
വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്ന നിലയിലാണ് പാര്‍ത്ഥിവ് ടീമില്‍ ഇടം നേടിയത്. എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റിങ് മൂലം പാര്‍ത്ഥിവ് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. എന്നാല്‍ പല പരമ്പരകളിലും റിസര്‍വ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ ഉള്‍പ്പെടുത്താറുണ്ടായിരുന്നു.ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനുവേണ്ടിയാണ് കളിച്ചിരുന്നത്.
2018ല്‍ സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് മാച്ചിലാണ് പാര്‍ത്ഥിവ് അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. പാര്‍ത്ഥിവ് തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കുന്ന കാര്യം പറഞ്ഞത്. ഇന്ത്യക്കുവേണ്ടിയുള്ള കളിയില്‍ പതിനേഴു വയസ്സുകാരനെ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ വലിയ വിശ്വാസം കാട്ടിയെന്നാണ് പാര്‍ത്ഥിവ് വിരമിക്കല്‍ കുറിപ്പില്‍ പറഞ്ഞത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും പാര്‍ത്ഥിവ് നന്ദി അറിയിച്ചു.
പതിനേഴു വയസ്സുകാരന്റെ പ്രതിരോധം ഇന്ത്യന്‍ ടീമിന് വലിയ പ്രചോദനമായിരുന്നുവെന്ന തരത്തില്‍ ആദ്യ കളിയില്‍ തന്നെ പാര്‍ത്ഥിവിന് പ്രശംസകള്‍ നേടിയിരുന്നു. ആദ്യ കളിയില്‍ ലീഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റ് ജയിച്ചു പരമ്പര സമനിലയിലാക്കി ഇംഗ്ലീഷ് മണ്ണില്‍ നിന്നും തലയെടുപ്പോടെ മടങ്ങാന്‍ ഇന്ത്യയെ സഹായിച്ചത് അവന്റെ പോരാട്ടമായിരുന്നു എന്നാണ് സഹകളിക്കാര്‍ പാര്‍ത്ഥിവിനെക്കുറിച്ച് പറഞ്ഞത്.