നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച നടനാണ് പാര്‍ത്ഥിബന്‍. 70ലധികം സിനിമകളിലഭിനയിച്ച താരം പത്തോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഒരൊറ്റ കഥാപാത്രത്തെ മാത്രം വെച്ച് ചെയ്ത ഒത്ത സെരുപ്പ് സൈസ് സെവന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു.
വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറും താനുമായി നല്ല ബന്ധമായിരുന്നെന്നും മകന്റെ കരിയറിനെ ബൂസ്റ്റ് ചെയ്യാന്‍ തന്റെ സഹായം പലപ്പോഴും ചോദിച്ചിരുന്നെന്നും പാര്‍ത്ഥിബന്‍ പറഞ്ഞു. തന്റെ കവിതകള്‍ ചന്ദ്രശേഖറിന് ഇഷ്ടമാണെന്നും അഴകിയ തമിഴ്മകന് വേണ്ടി പാട്ടുകള്‍ എഴുതാമോ എന്ന് തന്നോട് ചോദിച്ചിരുന്നെന്നും താരം പറഞ്ഞു.
രാജ് കുമാര്‍ ഹീരാനി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുമോ എന്ന് വിജയ് തന്നോട് ചോദിച്ചിരുന്നുവെന്ന് പാര്‍ത്ഥിബന്‍ പറഞ്ഞു. ആ സമയത്ത് താന്‍ അതിന് സമ്മതിച്ചുവെന്നും എന്നാല്‍ പിന്നീട് ഷങ്കര്‍ ഈ പ്രോജക്ട് ഏറ്റെടുത്തുവെന്നും താരം പറഞ്ഞു. എസ്.എസ് മ്യൂസികിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘വിജയ്‌യുമായിട്ട് എനിക്കുള്ള സൗഹൃദത്തെക്കാള്‍ വലുതാണ് എസ്.എ ചന്ദ്രശേഖറുമായുള്ളത്. എന്റെ കവിതകളൊക്കെ പുള്ളിക്ക് വലിയ ഇഷ്ടമാണ്. സ്വല്പം കിറുക്കോടെ എഴുതുന്ന അത്തരം കവിതകള്‍ കണ്ടിട്ട് അഴകിയ തമിഴ്മകന് വേണ്ടി പാട്ടെഴുതാമോ എന്ന് ചോദിച്ചിരുന്നു. പിന്നീട് എന്റെ ഏതെങ്കിലും സിനിമയില്‍ വിജയ്ക്കും റോള്‍ കൊടുക്കമോ എന്നും ചന്ദ്രശേഖര്‍ ചോദിച്ചു.
ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്ക് ചെയ്യാമോ എന്ന് എന്നോട് ചോദിക്കുന്നത് വിജയ് ആയിരുന്നു. ആലോചിച്ചിട്ട് പറയാം എന്ന് ഞാന്‍ അയാളോട് പറഞ്ഞു. പിന്നീട് വേറെ ആരോ ആണ് ഷങ്കര്‍ ആ സിനിമ ചെയ്താല്‍ നന്നാകുമെന്ന് പറഞ്ഞത്. ഷങ്കറും വിജയ്‌യും ചേരുമ്പോള്‍ ഉണ്ടാകുന്ന ബിസിനസ് മാജിക് എന്റെയടുത്ത് നിന്ന് ഉണ്ടാകില്ല. ആ സിനിമ വളരെ മികച്ച രീതിയിലാണ് ഷങ്കര്‍ എടുത്തത്. ഇപ്പോള്‍ വിജയ്ക്ക് ഉള്ള മാര്‍ക്കറ്റ് വെച്ച് ഞാന്‍ അയാളെ വെച്ച് സിനിമയെടുത്താല്‍ ശരിയാവില്ല,’ പാര്‍ത്ഥിബന്‍ പറഞ്ഞു.
Content Highlight: Parthiban saying that Vijay approached him to do remake of 3 Idiots