|

മഹാരാജ പോലൊരു സ്‌ക്രിപ്റ്റ് ഞാന്‍ രജിനി സാറിനോട് 20 വര്‍ഷം മുമ്പ് പറഞ്ഞിരുന്നു: പാര്‍ത്ഥിബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച നടനാണ് പാര്‍ത്ഥിബന്‍. 70ലധികം സിനിമകളിലഭിനയിച്ച താരം പത്തോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഒരൊറ്റ കഥാപാത്രത്തെ മാത്രം വെച്ച് ചെയ്ത ഒത്ത സെരുപ്പ് സൈസ് സെവന്‍ എന്ന ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ഈ വര്‍ഷം ഹിറ്റായ മഹാരാജ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍ത്ഥിബന്‍. താന്‍ ഈയടുത്ത് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സ്‌ക്രിപ്റ്റാണ് മഹാരാജയുടേതെന്ന് പാര്‍ത്ഥിബന്‍ പറഞ്ഞു. ഓരോ മിനിറ്റും എന്താണ് സംഭവിച്ചതെന്ന ആകാംക്ഷ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ സംവിധായന്‍ നിതിലന് സാധിച്ചുവെന്നും പാര്‍ത്ഥിബന്‍ പറഞ്ഞു. എന്നാല്‍ ഇതുപോലെ ഒരു സ്‌ക്രിപ്റ്റ് 20 വര്‍ഷം മുന്നേ താന്‍ രജിനികാന്തിനോട് പറഞ്ഞിട്ടുണ്ടെന്ന് പാര്‍ത്ഥിബന്‍ പറഞ്ഞു.

ഇന്റര്‍വല്‍ വരെ അദ്ദേഹത്തിന്റെ കഥാപാത്രം പ്രതികാരം ചെയ്യാന്‍ നടക്കുകയാണെന്നും എന്നാല്‍ എന്തിനാണ് അത് ചെയ്യുന്നതെന്ന് ഫസ്റ്റ് ഹാഫില്‍ ആര്‍ക്കും മനസിലാകില്ലെന്നും പാര്‍ത്ഥിബന്‍ പറഞ്ഞു. ആ സമയത്തെ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം ഇങ്ങനെ ഒരു പരീക്ഷണ സിനിമ ചെയ്യാന്‍ അനുവദിച്ചില്ലെന്നും പാര്‍ത്ഥിബന്‍ കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു പാര്‍ത്ഥിബന്‍.

‘മഹാരാജ എന്ന സിനിമ കണ്ടു. പലരും ഗംഭീര സിനിമ എന്ന് അഭിപ്രായം പറഞ്ഞതുകൊണ്ടാണ് കണ്ടത്. ഈയടുത്ത് ഇത്രക്ക് ഗംഭീരമായിട്ടുള്ള ഒരു സ്‌ക്രിപ്റ്റ് ഞാന്‍ കണ്ടിട്ടില്ല. സിനിമ തുടങ്ങി അര മണിക്കൂറിന് ശേഷം ഓരോ മിനിറ്റും എന്താണ് സംഭവിച്ചതെന്ന ആകാംക്ഷ ഓഡിയന്‍സിനിടയില്‍ ഉണ്ടാക്കാന്‍ സാധിച്ചു. ഓരോ സീനും കണക്ട് ചെയ്ത രീതി ഗംഭീരമായിട്ടുണ്ട്.

സത്യം പറഞ്ഞാല്‍ ഏതാണ്ട് ഇതുപോലെ ഒരു കഥ 20 വര്‍ഷം മുമ്പ് ഞാന്‍ രജിനി സാറിനോട് പറഞ്ഞിരുന്നു. ആ കഥയുടെ ഫസ്റ്റ് ഹാഫില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഓരോരുത്തരോടും പ്രതികാരം തീര്‍ക്കുന്നതായിട്ടാണ് കാണിക്കുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആര്‍ക്കും ഒരു സൂചനയും കൊടുക്കുന്നില്ല. അത് റിവീല്‍ ചെയ്യുന്നത് സെക്കന്‍ഡ് ഹാഫിലാണ്. പക്ഷേ അന്ന് അദ്ദേഹത്തിനുണ്ടായിരുന്ന സ്റ്റാര്‍ഡം വെച്ച് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് അസാധ്യമായിരുന്നു,’ പാര്‍ത്ഥിബന്‍ പറഞ്ഞു.

Content Highlight: Parthiban saying that he narrated a script to Rajnikanth similar with Maharaja 20 years ago