2025 ഐ.പി.എല്ലില്‍ മെഗാ ലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ബി.സി.സി.ഐ ജൂലൈ 31ന് ഫ്രാഞ്ചൈസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വരാനിരിക്കുന്ന ഐ.പി.എല്ലുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ചര്‍ച്ചയില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ ഉടമയായ പാര്‍ത് ജിന്‍ദല്‍ ഐ.പി.എല്ലിലെ ഇംപാക്ട് റൂളിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇംപാക്ട് റൂള്‍ ഒഴിവാക്കണമെന്നും ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്ക് നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു.
‘ഇംപാക്ട് റൂളിന്റെ ആവശ്യമില്ല, ഞാന്‍ മുന്‍ഗണന നല്‍കുന്നത് 11 അംഗ ടീമിനാണ്. മാത്രമല്ല ഓള്‍ റൗണ്ടര്‍മാര്‍ ക്രിക്കറ്റിന്റെ പ്രധാന ഘടകമാണ്. ഈ റൂള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരിക്കലും നല്ലതല്ല,’ പാര്‍ത് ഇംപാക്ട് റൂളിനെക്കുറിച്ച് ക്രിക് ഇന്‍ഫോയില്‍ പറഞ്ഞു.
അതേസമയം ശ്രീലങ്കയ്ക്ക് എതിരായ ടി-20 പരമ്പര തൂത്തുവാരിയതോടെ ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഏകദിന പരമ്പരയാണ്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.