നെയ്‌റോബി: നികുതി ഉയർത്തുന്ന ധനകാര്യ ബിൽ നിയമസഭാ പാസാക്കിയതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ കെനിയൻ പാർലമെന്റിന്റെ ഒരു ഭാഗത്തിന് തീ വെച്ച് ജനങ്ങൾ. തുടർന്ന് പൊലീസ് നടത്തിയ വെടിവെയ്പ്പിൽ അഞ്ച് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 50ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസ് വെടിയുതിർക്കുകയായിരുന്നു.
‘വെടിയേറ്റ് 50 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകും. കുറഞ്ഞത് അഞ്ച് ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടും ഉണ്ടാകും,’ പാരാമെഡിക്കൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഞങ്ങൾ പാർലമെന്റ് അടച്ചുപൂട്ടാൻ ആഗ്രഹിക്കുന്നു. എല്ലാ എം.പിമാരും രാജി വെക്കട്ടെ. ഞങ്ങൾ പുതിയ സർക്കാർ ഉണ്ടാക്കും,’ പ്രതിഷേധകാരനായ ഡേവിസ് സഫാരി പറഞ്ഞു.
രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. പലരും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും നീകുതി വർദ്ധനവിനെതിരെ പ്രതികരിക്കുകയും ചെയ്തു. നഗരത്തിലെ തെരുവുകളിൽ ആളുകൾ തടിച്ച് കൂടി ഗതാഗതം തടസപ്പെടുത്തിയിരുന്നു.
‘അവർ അഴിമതിക്ക് വേണ്ടി ബജറ്റ് തയ്യാറാക്കുകയാണ്. ഞങ്ങളാരു പിന്മാറാൻ പോകുന്നില്ല. പോകേണ്ടി വരിക അവർക്കാണ്,’ പ്രധിഷേധകനായ ഹുസൈൻ അലി പറഞ്ഞു.
കോവിഡ് മഹാമാരിയുടെ ആഘാതം, ഉക്രൈൻ യുദ്ധം, തുടർച്ചയായ രണ്ട് വർഷത്തെ വരൾച്ച , കെനിയൻ കറൻസിയുടെ മൂല്യത്തകർച്ച തുടങ്ങിയ പ്രശ്നങ്ങൾ മൂലമുണ്ടായ സാമ്പത്തിക ആഘാതങ്ങളെ നേരിടാനാണ് പുതിയ ബിൽ നിലവിൽ കൊണ്ടുവരുന്നത്.
തുടർന്ന് 2 .7 ബില്യൺ ഡോളർ അധിക നികുതി പിരിക്കാൻ ലക്ഷ്യമിടുന്ന ധനകാര്യ ബിൽ പാസാക്കുകയായിരുന്നു. ധനകാര്യ ബിൽ ഇനി രാഷ്ട്രപതി ഒപ്പുവെക്കുകകൂടിയെ വേണ്ടുള്ളൂ. ഇത് കെനിയൻ ജനതയിൽ ഭരണകൂട വിരുദ്ധത ഉയരുന്നതിന് കാരണമായി. രാജ്യത്തുടനീളം വലിയ തോതിൽ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.
റൊട്ടി, പാചക എണ്ണ, കാർ എന്നിവയിൽ നിന്ന് പുതിയ നികുതി ഒഴിവാക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും അത് ജങ്ങളെ തൃപ്തിപ്പെടുത്തിയില്ല.
Content Highlight: Part of Kenya parliament set ablaze as protesters try to storm it, several killed in police firing